12 January Tuesday

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരും; സമിതിയുമായി സഹകരിക്കില്ല: കോര്‍ഡിനേഷന്‍ കമ്മിറ്റി

എം പ്രശാന്ത്Updated: Tuesday Jan 12, 2021

ന്യൂഡല്‍ഹി> മോഡി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങള്‍ സുപ്രീംകോടതി താല്‍കാലികമായി സ്റ്റേ ചെയ്തെങ്കിലും നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന പ്രഖ്യാപനവുമായി കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കര്‍ഷകസമരത്തിന് നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ കിസാന്‍സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

 നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി നിയോഗിച്ച സമിതി മുമ്പാകെ കര്‍ഷകസംഘടനകള്‍ ഹാജരാകില്ല. സമിതി അംഗങ്ങള്‍ എല്ലാവരും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചവരാണ്. സമിതി രൂപീകരണത്തില്‍ പോലും സുപ്രീംകോടതിയെ വിവിധ കേന്ദ്രങ്ങള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് ഉദാഹരണമാണിത്.

കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള ഉത്തരവ് ഒരു ഇടക്കാല നടപടിയെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതൊരു പരിഹാരമല്ല. കര്‍ഷകസംഘടനകള്‍ ആവശ്യപ്പെടുന്നതും ഇത്തരമൊരു പരിഹാരമല്ല. കാരണം നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പുനസ്ഥാപിക്കാനാകും. സര്‍ക്കാര്‍ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടത്. കര്‍ഷകരും ജനങ്ങളും നിയമങ്ങളെ എതിര്‍ക്കുകയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം.

സുപ്രീംകോടതി സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സമിതി പ്രക്രിയകളില്‍ പങ്കാളികളാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ്. മാത്രമല്ല സമിതി രൂപീകരണത്തിലൂടെ കര്‍ഷകസംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ സാധൂകരിക്കപ്പെടുകയാണ്. സമിതി അംഗങ്ങള്‍ എല്ലാവരും തന്നെ നിയമങ്ങളെ പരസ്യമായി പിന്തുണച്ചവരും നിയമങ്ങള്‍ക്കായി വാദിച്ചവരുമാണ്. നേരത്തെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമിതി നിര്‍ദേശവും കര്‍ഷക സംഘടനകള്‍ നിരാകരിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ നയങ്ങള്‍, നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ചര്‍ച്ചാപ്രകിയ.

കാര്‍ഷികോല്‍പ്പാദനം, സംസ്‌ക്കരണം, വിപണനം എന്നീ മേഖലകളില്‍ കോര്‍പ്പറേറ്റ് നിയന്ത്രണത്തിന് വഴിവെയ്ക്കുന്നതാണ് നിയമങ്ങളെന്ന് കര്‍ഷകസംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൃഷിചെലവ് കൂട്ടുകയും, കടബാധ്യത വര്‍ധിപ്പിക്കുകയും, ഉല്‍പ്പന്നവില ഇടിക്കുകയും, കൃഷിനഷ്ടം വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ സംഭരണം കുറയ്ക്കുകയും പിഡിഎസ് ഇല്ലാതാക്കുകയും ഭക്ഷണചെലവ് വര്‍ധിപ്പിക്കുകയും കര്‍ഷക
അത്മഹത്യകളും പട്ടിണി മരണങ്ങളും കൂട്ടുകയും കൃഷി ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും.

ഈ വസ്തുതകളെ ജനങ്ങളില്‍ നിന്നും കോടതികളില്‍ നിന്നും മറച്ചുവെയ്ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം-- കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top