തൃശൂ> കർഷക കരിനിയമത്തിനും ആഗോളവൽക്കരണനയത്തിനുമെതിരെ ഡൽഹിയിൽ കർഷകർ തുടരുന്ന പ്രക്ഷോഭം ബ്രിട്ടീഷ് ഭരണവാഴ്‌ചയ്‌ക്കെതിരെ 1857ൽ നടന്ന ഐതിഹാസികമായ ഒന്നാം സ്വാതന്ത്ര്യസമരത്തിന് സമാനമാണെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ പറഞ്ഞു. സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും ജില്ലാ സെക്രട്ടറിയും രാജ്യസഭാംഗവും നിയമസഭാംഗവും എൽഡിഎഫ് കൺവീനറുമായിരുന്ന കെ പി അരവിന്ദാക്ഷന്റെ 14–-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്‌മരണവും ജില്ലാ പ്രവർത്തക കൺവൻഷനും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ എൻ ബാലഗോപാൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണായപ്പോൾ നരേന്ദ്രമോഡി രാജ്യത്തെ കമ്പോളശക്തികൾക്കായി തുറന്നു കൊടുക്കുകയാണ് ചെയ്‌തത്. ഇതോടെ മറ്റ് മേഖലയേക്കാൾ കൊള്ളലാഭം കോർപറേറ്റുകൾക്ക് ഭക്ഷ്യധാന്യരംഗത്തു നിന്ന് ലഭിക്കും.
രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം ഭരണം പിടിച്ചെടുക്കാനുള്ളതല്ല. കാർഷികോൽപ്പന്നങ്ങൾക്ക് നിലവിൽ ലഭിക്കുന്ന വില നിലനിർത്താനാണ് ആബാലവൃദ്ധം കർഷകജനത തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ചെറുകിട, വൻകിട, ഇടത്തരം വ്യത്യാസമില്ലാതെയാണ് മുഴുവൻ കർഷകരും പ്രക്ഷോഭത്തിൽ അണിനിരന്നത്. കാർഷിക നിയമം നടപ്പിലായാൽ എഫ്‌സിഐയും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയും തകരും. രാജ്യത്തിന്റെ തന്ത്രപരമായ മേഖലകളായ പ്രതിരോധം, റെയിൽവേ, വ്യോമയാനം, വാർത്താവിനിമയരംഗം. വിദ്യാഭ്യാസം, ബാങ്കിങ് എന്നീ മേഖലകളെല്ലാം നേരത്തേത്തന്നെ സ്വകാര്യവൽക്കരിച്ചിരുന്നു. ഇതിനെതിരെ ഉയർന്നുവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഇല്ലാതാക്കാനായി ലേബർ കോഡും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മാറ്റി.
ഇതിനൊടുവിലാണ് ഭക്ഷ്യധാന്യരംഗംതന്നെ കോർപറേറ്റുകൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ കർഷകസമരത്തെക്കുറിച്ചുള്ള സുപ്രിം കോടതിയുടെ പരാമർശം നരേന്ദ്രമോഡിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമായിട്ടാണ് കർഷകർ കാണുന്നതെന്നും ബാലഗോപാൽ പറഞ്ഞു. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി ആർ വർഗീസ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..