കോഴിക്കോട് > മുലപ്പാൽ കുറവുള്ള അമ്മമാരുടെ നവജാത ശിശുക്കൾക്ക് പാൽ നൽകാനുള്ള മുലപ്പാൽ ബാങ്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സ്ഥാപിക്കും. മുലപ്പാൽ ബാങ്കും ചികിത്സയിലുള്ള നവജാത ശിശുക്കളുടെകൂടെ അമ്മമാരേയും കിടത്താനുള്ള മെറ്റേണൽ ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂണിറ്റും രണ്ട് മാസത്തിനുള്ളിൽ സജ്ജമാകും. ഇരു പദ്ധതികളുടെയും വിശദ പദ്ധതി രേഖക്ക് ദേശീയ ആരോഗ്യ ദൗത്യം അംഗീകാരവും ഭരണാനുമതിയും ലഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്കാകും ഇത്.
പ്രസവശേഷം പാൽ ഇല്ലാതാവൽ, കുഞ്ഞുങ്ങൾക്ക് പാൽ വലിച്ചുകുടിക്കാൻ സാധിക്കാതാവൽ, വിഷാദ രോഗവും മറ്റുംമൂലം മുലയൂട്ടാനാവാത്ത മാനസികാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ സഹായകരമാവുന്ന പദ്ധതിയാണ് മുലപ്പാൽ ബാങ്ക്. നവജാത ശിശുക്കൾക്ക് നൽകിയശേഷം ബാക്കിവരുന്ന മുലപ്പാൽ ബാങ്കിലേക്ക് നൽകാൻ അമ്മമാർ തയ്യാറായാൽ ഉപയോഗപ്രദമാക്കുന്നതാണ് പദ്ധതി. ഗവ. മെഡിക്കൽ കോളേജിലെ ഐഎംസിഎച്ചിൽ ന്യൂബോൺ വിഭാഗത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബാങ്ക് ഒരുക്കുക.
മുലപ്പാൽ ശേഖരിക്കാനായി പ്രത്യേക മുറി, ഫ്രിഡ്‌ജ്, ഡീപ്പ് ഫ്രീസർ എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കും. പാൽ ഒന്നിച്ച് പാസ്‌ചറൈസ് ചെയ്‌താണ് സൂക്ഷിക്കുക. അണുവിമുക്തമെന്ന് ഉറപ്പാക്കാനുള്ള കൾച്ചർ പരിശോധനയുൾപ്പെടെ നടത്തും. മുലപ്പാൽ ബാങ്കുള്ള ആദ്യ മെഡിക്കൽ കോളേജാക്കുകയാണ് ലക്ഷ്യമെന്ന് എൻഎച്ച്‌എം ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. നവീൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും മുലപ്പാൽ ബാങ്കിനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..