11 January Monday

മലയിടിയാതിരിക്കാൻ കുതിരാനിൽ ‌ബഞ്ച്‌ കട്ടിങ്

സ്വന്തം ലേഖകൻUpdated: Monday Jan 11, 2021

കുതിരാൻ തുരങ്കമുഖത്ത്‌ നിർമാണം പുരോഗമിക്കുന്നു

തൃശൂർ > കുതിരാൻ മലയിടിയാതിരിക്കാൻ  തുരങ്കമുഖത്ത്‌ ബഞ്ച്‌ കട്ടിങ്. കുത്തനെയുള്ള മലയിടിച്ച്‌  തട്ടുകളാക്കുന്ന പ്രക്രിയയാണ്‌  ബെഞ്ച് കട്ടിങ്. ഒരു തുരങ്കം തുറക്കുന്നതിന്‌ മുന്നോടിയായി മറ്റുസുരക്ഷാ ക്രമീകരണ  ജോലികളും പുരോഗമിക്കുകയാണ്‌. 2018ൽ മണ്ണിടിഞ്ഞ ഒന്നാം തുരങ്കത്തിന്റെ  മുകൾഭാഗത്ത്‌ മരങ്ങൾ മുറിച്ച് മാറ്റി അവിടെ മണ്ണിടിയാതിരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
 
ബെഞ്ച് കട്ടിങ്ങിനുശേഷം    വീണ്ടും ഇടിയാതിരിക്കാനും ബലപ്പെടുത്താനുമായി കോൺക്രീറ്റ് ചെയ്യുന്ന മാതൃകയിൽ ഷോട്ട് ക്രീറ്റ് നടത്തും. മഴവെള്ളം നേരിട്ട് തുരങ്കമുഖത്തേക്ക് പതിക്കാതിരിക്കാൻ മലയിൽ നിന്നും ഇരുവശത്തും ചാലെടുത്ത് തുരങ്കത്തിന്റെ ഡ്രൈനേജുമായി ബന്ധിപ്പിക്കും. മലയിടിച്ചിൽ ഉണ്ടായാലും തുരങ്കമുഖത്തേക്ക് വീഴാത്ത രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
 
തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും, പുറത്ത് കടക്കുന്ന ഭാഗത്തുമുള്ള പാറക്കെട്ടുകൾ നീക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. കുത്തനെയുള്ള പാറക്കെട്ടുകൾ ഇടിച്ച് മാറ്റി ചരിവ് മാതൃകയിൽ ആക്കും. കല്ലുകൾ ഇളകി വീണാലും റോഡിലേക്ക് വീഴാത്ത നിലയിൽ ക്രമീകരിക്കും.
 
കരാർ കമ്പനിയായ കെ എം സിയാണ് ഇപ്പോൾ തുരങ്ക നിർമാണ പ്രവൃത്തികൾ നിർവഹിക്കുന്നത്‌. നേരത്തെ  പ്രഗതി എന്ന കമ്പനിക്ക്‌  ഉപകരാർ നല്കിയിരുന്നു. സാമ്പത്തിക തർക്കത്തെതുടർന്ന്‌ പ്രഗതിയെ ഒഴിവാക്കി. എന്നാൽ സാമ്പത്തിക ബാധ്യത തീർത്തിട്ടില്ല.   തൊഴിലാളികൾക്ക്  കൃത്യമായി ശമ്പളം നൽകാത്തതും വാഹനങ്ങൾക്ക് വാടക  നല്കാത്ത  പ്രശ്‌നങ്ങളും നിലവിലുണ്ട്‌. ഇതേത്തുടർന്ന് ഇടയ്ക്ക് നിർമാണം നിലയ്‌ക്കുക പതിവാണ്‌. 20നകം ശമ്പള കുടിശിക നൽകാമെന്ന കരാറിലാണ്‌   പണി പുരോഗമിക്കുന്നത്‌.
 
ഈ മാസം  ഒരു തുരങ്കം തുറക്കാമെന്നാണ്‌ ‌ നാഷണൽ ഹൈവേ അതോറിറ്റി സംസ്ഥാന സർക്കാരിന്‌ നൽകിയ ഉറപ്പ്‌. എന്നാൽ കടമ്പകളേറെയുണ്ട്‌. തുരങ്കത്തിന്റെ ഉള്ളിൽ  മുകൾഭാഗം  കോൺക്രീറ്റിങ് പൂർത്തിയായിട്ടില്ല.  വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ലൈറ്റുകൾ സജ്ജീകരിക്കണം, എക്സ്സോസ് ഫാൻ, ക്യാമറ തുടങ്ങിയവ സ്ഥാപിക്കുന്ന പ്രവൃത്തികളും പൂർത്തീകരിക്കണം. ഇവ  നിരീക്ഷിക്കുന്നതിനും തുരങ്കത്തിനുള്ളിലെ മലിനീകരണം ഉൾപ്പെടെ പരിശോധിക്കുന്നതിനുമായി പുറത്ത് കൺട്രോൾ റൂമും സ്ഥാപിക്കണം. ദേശീയ പാത സുരക്ഷാ ഏജൻസിയായ ഐസിടിയു  പരിശോധനക്ക് ശേഷം മാത്രമേ തുറന്ന് കൊടുക്കൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top