ന്യൂഡൽഹി
രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസും അർധസേനയും ശുചീകരണ തൊഴിലാളികളും അടക്കമുള്ള കോവിഡ് മുന്നണി പോരാളികൾക്കും വാക്‌സിൻ നൽകുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. ഇതിന് സംസ്ഥാനങ്ങൾ മുതൽമുടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ മോഡി പറഞ്ഞു. ലോകത്തെതന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പ്രക്രിയക്കാണ് 16ന് തുടക്കമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, രണ്ടാംഘട്ടം മുതലുള്ള വാക്‌സിൻ വിതരണത്തിന്റെ ചെലവ് ആര് വഹിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. രണ്ടാംഘട്ടത്തിൽ അമ്പത് വയസ്സിനു മുകളിലുള്ളവർക്കും അമ്പത് വയസ്സിന് താഴെയുള്ള മറ്റ് അസുഖങ്ങളുള്ളവർക്കും വാക്‌സിൻ നൽകും. അതിനുശേഷം മാത്രമാണ് മറ്റുള്ളവർക്ക്. ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 30 കോടിയോളം പേർക്ക് വാക്‌സിൻ നൽകുമെന്ന് മോഡി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നടത്തുന്ന ബൂത്ത്‌തല ഇടപെടലുകൾ ഇവിടെയും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ ഡോസ് വാക്‌സിൻ ലഭിക്കുന്നവർക്ക് ഉടൻതന്നെ കൊ-വിൻ ആപ്പിലൂടെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. രണ്ടാംഡോസ് വാക്സിനുള്ള ഓർമപ്പെടുത്തലായും ഇത് മാറും. രണ്ട് ഡോസും പൂർത്തിയായാൽ അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കും. വാക്‌സിൻ സ്വീകരിച്ചവരടക്കം വാക്‌സിൻ വിതരണയജ്ഞത്തിന്റെ എല്ലാ ഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..