ന്യൂഡൽഹി > ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ കോഴിബിരിയാണി തിന്നുന്നത് കൊണ്ട് രാജ്യവ്യാപകമായി പക്ഷിപ്പനി പടരുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎ. രാംഗഞ്‌ജ് മണ്ഡി എംഎൽഎ മദൻദിലാവർ പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിച്ച് കർഷകരെ അവഹേളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
‘കർഷകരെന്ന് പറയപ്പെടുന്ന ചിലർ അവിടെ പ്രതിഷേധിക്കുന്നുണ്ട്. സത്യത്തിൽ അത് പ്രതിഷേധമല്ല; പിക്‌നിക്കാണ്. അവർ ബിരിയാണിയും കശുവണ്ടിപരിപ്പും ബദാംപരിപ്പും ആസ്വദിച്ച് കഴിക്കുന്നു. അവിടെ എല്ലാ ആഢംബരങ്ങളും ഒരുക്കിയിട്ടുണ്ട്. അവർക്ക് രാജ്യത്തെ കുറിച്ച് ഒരു ചിന്തയുമില്ല. കോഴിബിരിയാണി തിന്ന് രാജ്യത്ത് പക്ഷിപ്പനി പടർത്താനുള്ള ഗൂഢനീക്കമാണ് അവർ നടത്തുന്നത്. സർക്കാർ എത്രയും പെട്ടെന്ന് ബലംപ്രയോഗിച്ച് അവരെ നീക്കിയില്ലെങ്കിൽ രാജ്യത്ത് പക്ഷിപ്പനി വലിയ പ്രശ്‌നമായി മാറും ’–- മദൻ ദിലാവർ വീഡിയോയിൽ പറഞ്ഞു.
പ്രതിഷേധിക്കുന്ന കർഷകർക്കിടയിൽ കൊള്ളക്കാരും തീവ്രവാദികളും കുറ്റവാളികളും ഉണ്ടെന്നും മദൻദിലാവർ ആരോപിച്ചു.‘അവർ ഇടയ്‌ക്കിടയ്‌ക്ക് വേഷങ്ങൾ മാറുന്നുണ്ട്. അവർക്കിടയിൽ കൊള്ളക്കാരും തീവ്രവാദികളും ഉണ്ടാകാൻ സാധ്യതയുണ്ട്. യഥാർഥ കർഷകരുടെ ശത്രുക്കളാണ് അവർ’–- മദൻദിലാവർ ആരോപിച്ചു.മദൻദിലാവറിനെയും ബിജെപിയെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ബിജെപിയുടെ ചിന്താഗതിയാണ് മദൻദിലാവറിന്റെ വാക്കുകളിലുടെ പുറത്തുവന്നിരിക്കുന്നതെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ്‌സിങ് ദൊത്താസ്‌ര പ്രതികരിച്ചു. കർഷകദ്രോഹ നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകരെ അവഹേളിക്കാൻ ബിജെപിയും അവരുടെ ഐടി സെല്ലും കുപ്രചാരണം നടത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..