ന്യൂഡൽഹി > കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ ഭക്ഷ്യധാന്യ സംഭരണ രംഗത്തേക്ക് കുത്തക കമ്പനികൾ കടന്നുതുടങ്ങി. കർണാടകയിൽ ആയിരം ക്വിന്റൽ നെല്ല് സംഭരിക്കാൻ റിലയൻസ് റീട്ടെയിൽ കാർഷിക വിപണന കമ്പനിയുമായി കരാറിൽ ഒപ്പിട്ടു. മുന്തിയ ഇനം സോന മസൂരി നെല്ലാണ് റിലയൻസ് സംഭരിക്കുക. മിനിമം താങ്ങുവിലയേക്കാൾ കൂടിയ നിരക്കിലാണ് റിലയൻസിന്റെ സംഭരണമെന്ന് ചില കുത്തകമാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തെങ്കിലും കർഷക സംഘടനകൾ ഇത് നിരാകരിച്ചു. സൂപ്പർ ഫൈൻ ഇനം നെല്ലാണ് സോനാ മസൂരി.
കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ച് കാർഷികോൽപ്പാദന വിപണന സമിതി (എപിഎംസി) ചട്ടത്തിൽ കർണാടക ഭേദഗതി കൊണ്ടുവന്നതിന് പിന്നാലെയാണ് നെല്ല് സംഭരണ കരാറിൽ റിലയൻസ് ഒപ്പിട്ടത്. കർണാടകയിലെ റായ്‌ച്ചൂരിൽ സിദ്ദനൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വാസ്‌ത്യ കാർഷികോൽപ്പന്ന കമ്പനിയുമായാണ് റിലയൻസിന്റെ കരാർ. സിദ്ദനൂരിലെ ആയിരത്തിലേറെ കർഷകർ സ്വാസ്‌ത്യ കമ്പനിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. നെല്ലിലെ ഈർപ്പം 16 ശതമാനത്തിൽ കുറവായിരിക്കണമെന്ന് റിലയൻസ് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. നെല്ല് നിറയ്‌ക്കാനുള്ള ചാക്കുകളുടെ ചെലവ് കർഷകർ വഹിക്കണം. ഈർപ്പ പരിശോധനയ്‌ക്ക് ശേഷമേ റിലയൻസ് പണം കൈമാറൂ. ക്വിന്റലിന് 1950 രൂപ നിരക്കിലാണ് റിലയൻസിന്റെ സംഭരണം. ക്വിന്റലിന് 1868 രൂപയാണ് നെല്ലിന്റെ താങ്ങുവിലയെന്നും ഇതിൽ നിന്നും 82 രൂപ അധികം നൽകിയാണ് റിലയൻസിന്റെ സംഭരണമെന്നും ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
എന്നാൽ സോനാ മസൂർ ഇനം നെല്ലിന് ക്വിന്റലിന് 2200–-2500 രൂപ വിലയുണ്ടെന്നും താങ്ങുവിലയേക്കാൾ കൂടുതൽ റിലയൻസ് നൽകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കിസാൻസഭ ട്വിറ്ററിൽ പ്രതികരിച്ചു. സാധാരണ നെല്ലിന് ക്വിന്റലിന് 1868 രൂപയും ഗ്രേഡ് എ നെല്ലിന് 1888 രൂപയുമാണ് താങ്ങുവില. സോനാ മസൂറി, ബസ്‌മതി, ഗോബിന്ദഭോഗ് തുടങ്ങിയ മുന്തിയ നെല്ലിനങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാറില്ലെന്ന് കിസാൻസഭ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..