കായംകുളം > നഗരസഭാ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–-ബിജെപി ബന്ധത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷം. പൊതുമരാമത്ത് സ്ഥിരംസമിതിയിലേക്ക് മത്സരിച്ച മുസ്ലിം ലീഗ് അംഗം നവാസ് മുണ്ടകത്തിലിന് വോട്ടുചെയ്യാതെ ബിജെപി അംഗം ഡി അശ്വനിദേവിന് ജയിക്കാൻ അവസരമൊരുക്കുകയായിരുന്നു. ഇതോടെയാണ് ലീഗ്–കോൺഗ്രസ് തർക്കം ആരംഭിച്ചത്.
കോൺഗ്രസിന്റെ ബിജെപി ബന്ധത്തിനെതിരെ ലീഗ് പരസ്യമായി രംഗത്തുവന്നിരുന്നു.
യുഡിഎഫ് ജില്ലാ നേതൃത്വം കോൺഗ്രസിനെ തിരുത്തിയില്ലെങ്കിൽ നഗരസഭയിൽ യുഡിഎഫ് സംവിധാനം ഉണ്ടാകില്ലെന്നും ലീഗ് നേതാക്കൾ അറിയിച്ചു. സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് മറിച്ചുനൽകിയെന്ന ലീഗിന്റെ പ്രസ്‌താവന കോൺഗ്രസ് നേതാക്കൾ തളളി. പൊതുമരാമത്ത് സ്ഥിരംസമിതിയിലേക്ക് കോൺഗ്രസ് അംഗങ്ങൾക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് ലീഗ് അംഗങ്ങൾ പാലിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് അംഗങ്ങൾ നവാസ് മുണ്ടകത്തിലിന് വോട്ട് ചെയ്യാൻ നൽകിയ വിപ്പ് ലംഘിച്ച് ബിജെപി അംഗത്തിന് ജയിക്കാൻ അവസരം ഒരുക്കുകയായിരുന്നു. സത്യം ഇതായിരിക്കെ അംഗങ്ങളുടെ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.
കോൺഗ്രസിന്റെ ഇത്തരം ഇരട്ടത്താപ്പ് സാധാരണ കോൺഗ്രസ് പ്രവർത്തകരും പൊതുസമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരസഭയിൽ 17 അംഗങ്ങളുള്ള യുഡിഎഫിന് ഒരു സ്ഥിരംസമിതി അധ്യക്ഷനെപ്പോലും വിജയിപ്പിക്കാൻ കഴിയാത്ത നഗരസഭാ യുഡിഎഫ് പ്രതിപക്ഷനേതൃത്വം പരാജയമാണെന്നും ലീഗ് നേതൃത്വം ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..