കണ്ണൂർ> ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിന്റെ സമരാവേശത്തിലേക്ക് കേരളത്തിലെ കർഷകരും. കർഷകസംഘം നേതൃത്വത്തിൽ കേരളത്തിലെ കർഷകർ തിങ്കളാഴ്‌ച ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. രാവിലെ ഒമ്പതിന് കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫീസിനുമുന്നിലെ സമരപ്പന്തലിൽ അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഫ്ലാഗ് ഓഫ് ചെയ്യും.
കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തിൽ വിവിധ ജില്ലകളിൽനിന്നായി 500 വളണ്ടിയർമാരുണ്ടാകും. 14ന് ഷാജഹാൻപുർ സമരകേന്ദ്രത്തിൽ എത്തും. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് മാർച്ചിന് നേതൃത്വം നൽകും. ഷാജഹാൻപുരിൽ സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി, സെക്രട്ടറി കെ എൻ ബാലഗോപാൽ തുടങ്ങിയവർ സമരനേതൃത്വം ഏറ്റെടുക്കും.
മാർച്ചിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ട വളണ്ടിയർമാർക്ക് ജില്ലാ ആസ്ഥാനങ്ങളിൽ ഞായറാഴ്‌ച യാത്രയയപ്പ് നൽകി. വളണ്ടിയർമാർ തിങ്കളാഴ്‌ച രാവിലെ എട്ടിന് നായനാർ അക്കാദമിയിൽനിന്ന് കർഷക സത്യഗ്രഹം നടക്കുന്ന ഹെഡ്‌പോസ്‌റ്റോഫീസിനുമുമ്പിലെ സമരപ്പന്തലിലേക്ക് ആനയിക്കും. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, പിലാത്തറ, പയ്യന്നൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന് കാസർകോട് ടൗണിൽ സ്വീകരണം. കാസർകോട് ജില്ലയിൽനിന്നുള്ളവർ ഇവിടെനിന്ന് മാർച്ചിനൊപ്പംചേരും. 13ന് രാത്രി ജയ്‌പൂരിലെത്തും. 14ന് രാവിലെ ഡൽഹിയിലേക്ക് മാർച്ചുചെയ്യും. കേരളത്തിൽനിന്നുള്ള അടുത്ത സംഘം 21ന് കണ്ണൂരിൽനിന്ന് പുറപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..