കോഴിക്കോട് > കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയെന്ന വെൽഫെയർ പാർടിയുടെ തുറന്നുപറച്ചിലിന് പിന്നിൽ മുസ്ലിംലീഗ്. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർടിയുമായുള്ള ബന്ധം മുല്ലപ്പള്ളി അറിഞ്ഞായിരുന്നുവെന്നാണ് അവർ വെളിപ്പെടുത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മുല്ലപ്പള്ളിയുമായി ചർച്ചനടത്തിയതായി വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലമാണ് മാധ്യമങ്ങളോട് പറഞ്ഞത്.
കോവിഡ് വ്യാപനത്തിന് മുമ്പ് ഡിസംബറിൽ തിരുവനന്തപുരത്തായിരുന്നു ചർച്ച. കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ അറിവോടെ ലീഗ് കളിച്ചകളിയാണ് വെളിപ്പെടുത്തലിന് പിന്നിൽ.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവരുമായി ധാരണയില്ലെന്നായിരുന്നു മുല്ലപ്പള്ളി അവകാശപ്പെട്ടിരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞയുടൻ ജമാഅത്തെ മതേതര സംഘടനയല്ലെന്നും വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബന്ധമുണ്ടാകില്ലെന്നും പറഞ്ഞു. ജമാഅത്തെ സഖ്യത്തിന് മുൻകൈയെടുത്ത ലീഗിനെ നിരന്തരം അലോസരപ്പെടുത്തുന്നതായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‌താവനകൾ. സഖ്യം വിവാദമാക്കി വോട്ട് നഷ്ടമാക്കിയത് മുല്ലപ്പള്ളിയാണെന്ന നിഗമനത്തിലാണ് ലീഗ്. എന്നാൽ ജമാഅത്തെയെ തള്ളിപ്പറഞ്ഞ് കൈയടിനേടാനുള്ള മുല്ലപ്പള്ളിയുടെ ശ്രമം തുടരുന്നതിനാലാണ് വെൽഫെയറിനെ ഇറക്കി ആദർശവാദം പൊളിച്ചടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ലീഗ് സ്വപ്‌നംകണ്ടിരുന്ന ബന്ധം തകർത്തതിലുള്ള രോഷവും ഇതിന് പിന്നിലുണ്ട്. മുല്ലപ്പള്ളിയുടെ പൊയ്‌മുഖം വലിച്ചുകീറിയ വെൽഫെയർ നേതാവ്, ചർച്ചനടത്തിയ രമേശ് ചെന്നിത്തലയുടെയോ മറ്റു ലീഗ് നേതാക്കളുടെയോ പേര് പരസ്യമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..