KeralaLatest NewsNews

ആചാരാനുഷ്ഠാന പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ നാളെ ; ഇന്ന് ചന്ദനക്കുടം

അയ്യപ്പന്‍ മണികണ്ഠനായി അവതരിച്ച് മഹിഷിയെ വധിച്ചതിന്റെ സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ ഒത്തു കൂടിയ ആഘോഷമാണ് പിന്നീട് എരുമേലി പേട്ടതുള്ളലായത്

എരുമേലി : ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും. നാളത്തെ പേട്ടതുള്ളല്‍ സംഘത്തില്‍ 50 പേരെ പങ്കെടുപ്പിയ്ക്കാനാണ് പോലീസിന്റ നിര്‍ദ്ദേശം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും പത്ത് വയസ്സില്‍ താഴെയുള്ളവര്‍ക്കും അനുവാദമില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്‍ രാജീവ് പറഞ്ഞു. ഇന്നത്തെ ചന്ദനക്കുടം മഹോത്സവവും കൊറോണ മാനദണ്ഡപ്രകാരം ചടങ്ങ് മാത്രമായി നടത്തുകയുള്ളൂവെന്നും ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു.

അയ്യപ്പന്‍ മണികണ്ഠനായി അവതരിച്ച് മഹിഷിയെ വധിച്ചതിന്റെ സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ ഒത്തു കൂടിയ ആഘോഷമാണ് പിന്നീട് എരുമേലി പേട്ടതുള്ളലായത്. ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് രാവിലെ 11ന് ആരംഭിക്കും. തുടര്‍ന്ന് പള്ളിയിലും കയറി അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദവും പുതുക്കിയാണ് പേട്ടതുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

ഉച്ചയ്ക്ക് ശേഷം ആകാശത്ത് വെള്ളിനക്ഷത്രം വെട്ടിത്തിളങ്ങുന്നതോടെ ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന് അമ്പലപ്പുഴ കരപ്പെരിയോന്‍ എന്‍.ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാര്‍, ജോ.സെക്രട്ടറി വിജയമോഹന്‍, ഖജാന്‍ജി കെ.ചന്ദ്രകുമാര്‍, കമ്മറ്റി അംഗം കെ.ടി. ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 43 പേരാണ് സംഘത്തിലുള്ളത്. ആലങ്ങാട് സംഘത്തിന് സംഘം പെരിയോന്‍ എ.കെ വിജയകുമാര്‍ അമ്പാടത്ത്, യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button