10 January Sunday

തുടക്കം മങ്ങി; ഐ ലീഗിൽ ഗോകുലത്തിന്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021



കൊൽക്കത്ത
ജയത്തോടെ തുടങ്ങാമെന്ന ഗോകുലം കേരളയുടെ മോഹം പൊലിഞ്ഞു. ഐ ലീഗ്‌ ഫുട്‌ബോളിലെ ആദ്യകളിയിൽ ചെന്നൈ സിറ്റി എഫ്‌സിയോട്‌ ഗോകുലം തോറ്റു (1–-2). ഡെന്നീസ്‌ ആൻട്‌വിയിലൂടെ കളിയുടെ മൂന്നാംമിനിറ്റിൽ മുന്നിലെത്തിയശേഷമായിരുന്നു കേരള ടീമിന്റെ കീഴടങ്ങൽ. എൽവെദിൻ സ്‌ക്രിജീൽജും വിജയ്‌ നാഗപ്പനും ചെന്നൈയുടെ ഗോളുകൾ നേടി. മറ്റു‌ കളികളിൽ മുഹമ്മദൻസ്‌ സുദേവ ഡൽഹി എഫ്‌സിയെ ഒരു ഗോളിന്‌ വീഴ്‌ത്തി. പഞ്ചാബ്‌ എഫ്‌സി ഐസ്വാൾ എഫ്‌സിയെയും മറികടന്നു (1–-0).

മികച്ച തുടക്കം കിട്ടിയിട്ടും ഗോകുലം നിരാശപ്പെടുത്തി. പന്തിണക്കത്തിലും പാസുകളിലും കൃത്യതയുണ്ടായില്ല. മധ്യനിരയിലായിരുന്നു കൂടുതൽ പ്രശ്‌നങ്ങൾ. മുന്നേറ്റത്തിൽ ആൻട്‌വിയും ഫിലിപ്‌ ആദാഹുമായിരുന്നു പ്രധാനികൾ. ഫിലിപ്‌ സുവർണാവസരങ്ങൾ പാഴാക്കി.

കോർണർ മുതലെടുത്തായിരുന്നു ആൻട്‌വി ഗോകുലത്തെ മുന്നിലെത്തിച്ചത്‌. പെനൽറ്റിയിലൂടെ സ്‌ക്രിജീൽജ്‌ ചെന്നൈയെ ഒപ്പമെത്തിച്ചു. ഇടവേള കഴിഞ്ഞായിരുന്നു വിജയഗോൾ. 14ന്‌ പഞ്ചാബിനെതിരെയാണ്‌ ഗോകുലത്തിന്റെ അടുത്ത കളി.
ഇന്ന്‌ റിയൽ കശ്‌മീർ ട്രാവുവിനെയും ഇന്ത്യൻ ആരോസ്‌ ചർച്ചിൽ ബ്രദേഴ്‌സിനെയും നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top