09 January Saturday
കോടതി കാർഷികനിയമങ്ങൾക്ക്‌ അനുകൂലമായി വിധിച്ചാലും കർഷകർക്ക്‌ സ്വീകാര്യമാകില്ലെന്ന് നേതാക്കൾ 15ന്‌ വീണ്ടും ചർച്ച

എട്ടാംവട്ട ചർച്ചയും പരാജയം; പ്രക്ഷോഭം കനക്കും ; സുപ്രീംകോടതി തീർപ്പുണ്ടാക്കട്ടേയെന്ന്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

 
ന്യൂഡൽഹി
കർഷകസംഘടനാ നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിൽ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയം. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.  ഇതോടെ സമരം ബഹുജനപ്രക്ഷോഭമായി ഉയരും. സുപ്രീംകോടതി തീർപ്പുണ്ടാക്കട്ടേയെന്ന സർക്കാർ നിർദേശം നേതാക്കൾ തള്ളി.  സർക്കാരും കർഷകരും തമ്മിലുള്ള വിഷയമാണിത്‌. കോടതിക്ക്‌ ഇതിൽ കാര്യമില്ല.  കോടതി കാർഷികനിയമങ്ങൾക്ക്‌ അനുകൂലമായി വിധിച്ചാലും കർഷകർക്ക്‌ സ്വീകാര്യമാകില്ലെന്ന്‌ ഹനൻ മൊള്ള അടക്കമുള്ള  നേതാക്കൾ പറഞ്ഞു. നിയമങ്ങൾ നടപ്പായാൽ കർഷകർ നശിക്കും. ഇപ്പോൾ നടത്തുന്ന പോരാട്ടം മരിക്കുക, അല്ലെങ്കിൽ ജയിക്കുക എന്ന നിശ്‌ചയത്തിലാണ്‌–-കർഷകനേതാക്കൾ പറഞ്ഞു. 15ന്‌ വീണ്ടും ചർച്ച നടക്കും.

കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ, പൊതുവിതരണ മന്ത്രി പീയൂഷ്‌ ഗോയൽ എന്നിവരാണ്‌ ചർച്ചയിൽ സർക്കാരിനെ പ്രതിനിധാനം ചെയ്‌തത്‌. നിയമങ്ങൾ പരിശോധിക്കാൻ  ഇരുപക്ഷത്തെയും ഉൾപ്പെടുത്തി അനൗപചാരിക സമിതി രൂപീകരിക്കാമെന്ന സർക്കാർ നിർദേശം കർഷകർ നിരാകരിച്ചു. പൂർണമായും പിൻവലിക്കണമെന്നതാണ്‌ ആവശ്യമെന്ന്‌ നേതാക്കൾ ആവർത്തിച്ചപ്പോഴാണ്‌ സുപ്രീംകോടതി തീരുമാനത്തിനു ‌ വിടാമെന്ന്‌ മന്ത്രിമാർ പറഞ്ഞത്‌.

രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്നതാണ്‌ കർഷകപ്രക്ഷോഭത്തിന്‌ ആധാരമായ വിഷയങ്ങളെന്ന്‌ അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയും പൊതുവിതരണ സമ്പ്രദായവും തകർക്കുന്നതാണ്‌ കാർഷികനിയമങ്ങൾ. കോർപറേറ്റുകൾക്കായി കൊണ്ടുവന്ന ഈ നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിലാണ്‌ മോഡിസർക്കാർ. കോർപറേറ്റ്‌ പ്രീണനംമാത്രം നടത്തുന്ന സർക്കാരിനെതിരെ രാജ്യമെമ്പാടും തൊഴിലാളികളും കർഷകരും രംഗത്തെത്തി‌. ഇതര ജനവിഭാഗങ്ങളും വരുംനാളുകളിൽ അണിചേരും. പരിസ്ഥിതി, സാമുദായിക സൗഹാർദം, വിത്തുകളുടെ കാര്യത്തിൽ സ്വാശ്രയത്വം, ജനകീയഐക്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്‌ കർഷകർ നടത്തുന്നത്‌.

ഈ മാസം 13,18, 23, 26 തീയതികളിൽ വിപുലമായ സമരപരിപാടികൾ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും നടക്കും. ഹരിയാനയിലെ റിവാഡിയിലും മനേസറിലും അനിശ്‌ചിതകാല ധർണ തുടങ്ങി. ബിഹാറിൽ 25 ഇടത്ത്‌ ധർണ നടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top