തിരുവനന്തപുരം> നീതിപീഠത്തിൽ ഉന്നത സ്‌ഥാനം അലങ്കരിച്ചവർ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില മേൽപ്പാലം ഉദ്‌ഘാടനത്തിന് മുമ്പ് പാലത്തിൽ വാഹനമോടിക്കാൻ ശ്രമിച്ച വിഫോർ കൊച്ചിയേയും അവരെ പിന്തുണച്ചവരേയും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്ന ഒരു ചെറിയ ആൾക്കൂട്ടമാണിവർ . അതിനെല്ലാം ഉന്നത സ്‌ഥാനത്തിരുന്നവർ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്‌സാഹനം കൊടുക്കേണ്ടത് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്നമുണ്ടായാൽ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ ഇവർക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാൽ മുടങ്ങിയ പദ്ധതി പ്രതിസന്ധികൾ മറികടന്ന് പൂർത്തീകരിച്ചപ്പോൾ കുത്തിത്തിരിപ്പുമായി ഇവർ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആൾക്കൂട്ടം മാത്രമാണിവർ. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസ്സിലാക്കണം. ഇവരെ ജനാധിപത്യവാദികൾ എന്ന് വിളിക്കുന്നതിനെ കപടത മനസ്സിലാക്കണം
ഈ സർക്കാർ കാണുന്നത് നാടിന്റെ വികസനമാണ് . അതിന് അടിസ്‌ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്. ജനങ്ങൾക്ക് ഉപകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ ‘പുതിയ കാലം പുതിയ നിർമ്മാണം’ എന്നതടിസ്‌ഥാനമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തിക്കുന്നത് അതിന്റെ ഗുണം കാണാനുണ്ട്. പ്രഖ്യാപനത്തിനൊപ്പം പൂർത്തീകരണത്തിനും ഈ സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വൈറ്റില പാലം ഉദ്‌ഘാടനം ചെയ്യവേ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..