തിരുവനന്തപുരം
ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി മാറ്റാനും പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കാനുമായി വനംവകുപ്പ് ആവിഷ്‌കരിച്ച സർപ്പ ആപ് (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) ജനപ്രീതി നേടുന്നു. അടിയന്തരസാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പുകടിയേറ്റാൽ ഏറ്റവും അടുത്ത് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ നമ്പർ, പരിശീലനം ലഭിച്ച പാമ്പുപിടിത്ത സന്നദ്ധപ്രവർത്തകർ, വനംവകുപ്പ് ജീവനക്കാർ, അതത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകൾ, അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ടവ, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങൾ, പാമ്പുകളുടെ ഇനവും തരവും തിരിച്ചറിയാനുള്ള മാർഗങ്ങൾ, പാമ്പുകടി സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. പരിശീലനം സിദ്ധിച്ച വിദഗ്ധരിൽനിന്ന് വിവരങ്ങൾ ആരായുന്നതിനും ആപ്പിൽ സൗകര്യമുണ്ട്.
സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ പരിശീലനം പൂർത്തിയാക്കിയവർക്ക് മാത്രമേ സംസ്ഥാനത്ത് പാമ്പുപിടിത്തത്തിന് അനുമതിയുള്ളു. ഇത്തരത്തിൽ മാർഗനിർദേശവും പരിശീലനവും നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിനോടകം എണ്ണൂറോളം ആളുകൾക്ക് പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകി കഴിഞ്ഞു.
ആപ് പാമ്പിനെ കാട്ടിലെത്തിക്കും
പാമ്പുകളെ കണ്ടാൽ ആപ്പിൽ രേഖപ്പെടുത്തിയാൽ മതി. ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അംഗീകൃത പാമ്പുപിടിത്ത സന്നദ്ധപ്രവർത്തകർക്കും സന്ദേശമെത്തും. ആ മേഖലയിലേക്ക് നിയോഗിച്ചിട്ടുള്ള സന്നദ്ധപാമ്പുപിടിത്തപ്രവർത്തകൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അടിയന്തരമായി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയക്കുകയും ചെയ്യും. സന്നദ്ധപ്രവർത്തകരുടെ രക്ഷാപ്രവർത്തനം ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും ആപ്പിൽ സംവിധാനമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..