09 January Saturday

വാക്‌സിൻ വിതരണം : മുഖ്യമന്ത്രിമാരുമായി മോ‍ഡിയുടെ കൂടിക്കാഴ്‌ച 11ന്

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


ന്യൂഡൽഹി
കോവിഡ്‌ വാക്‌സിൻ വിതരണത്തിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്‌ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും.  വൈകിട്ട്‌ നാലിന്‌‌ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ കൂടിക്കാഴ്‌ച. കോവിഡ്‌ സ്ഥിതിയും വാക്‌സിൻ വിതരണപദ്ധതിയും ചർച്ച ചെയ്യും.

രാജ്യത്ത്‌ 24 മണിക്കൂറിൽ 18139 പുതിയ രോഗികളും 234 മരണവും. ആകെ രോഗബാധിതർ 1.04 കോടിയിലേറെയാണ്‌. മരണം 1,50,752 ലെത്തി. 24 മണിക്കൂറിൽ കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്‌ –- 72. ഡൽഹി–- 19, ബംഗാൾ–-  18, തമിഴ്‌നാട്‌–- മധ്യപ്രദേശ്‌ 12 വീതം. 20539 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 96.39 ശതമാനം. 2.25 ലക്ഷം പേരാണ്‌ ചികിൽസയിലുള്ളത്‌.
ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ 13.90 ലക്ഷം യൂണിറ്റ് കോവിഡ്‌ വാക്‌സിൻ സംസ്ഥാനത്ത്‌ എത്തുമെന്ന്‌ കേന്ദ്രം അറിയിച്ചതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. 11 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രൂപമാറ്റം സംഭവിച്ച പുതിയ കോവിഡ്‌ വൈറസ്‌ ഇനമായ സാർസ്‌–- കോവ്‌–- 2 ബാധിതരായി 82 പേർ രാജ്യത്തുണ്ട്‌. ബ്രിട്ടനിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന്‌ നിർത്തിവച്ച വിമാനസർവീസ്‌ പുനരാരംഭിച്ചു. ലണ്ടനിൽനിന്ന്‌ 250 പേരുമായി വിമാനം ഡൽഹിയിലിറങ്ങി. ബ്രിട്ടനിൽനിന്ന്‌ എത്തിയവർ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധനയ്‌ക്ക്‌ വിധേയമാകണമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു.

വാക്‌സിൻ നീക്കം : വിമാനങ്ങൾക്ക്‌ മാർഗനിർദേശം ഇറക്കി
കോവിഡ്‌ വാക്‌സിന്റെ നീക്കവും കൈകാര്യവും ഏതുവിധമായിരിക്കണമെന്ന്‌ വിശദമാക്കുന്ന മാർഗനിർദേശങ്ങൾ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കുമായി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) പുറപ്പെടുവിച്ചു. ഡ്രൈ ഐസ്‌ പായ്‌ക്കറ്റുകളിലാവണം വാക്‌സിൻ പായ്‌ക്ക്‌ ചെയ്യാനെന്ന്‌ വ്യക്തമാക്കി‌.
അപകടസാധ്യതയുള്ള വസ്‌തുക്കൾ കൊണ്ടുപോകുന്നതിന്‌ അംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ വിമാനക്കമ്പനികൾക്കും മാർഗനിർദേശങ്ങൾ പാലിച്ച്‌ കോവിഡ്‌ വാക്‌സിൻ കൊണ്ടുപോകാം. അംഗീകാരമില്ലാത്ത വിമാനങ്ങൾ ഇതിനായി പ്രത്യേകാനുമതി തേടണം. 

വിമാനങ്ങളിൽ ശീതീകരണസംവിധാനം നിർബന്ധമാണ്‌. മൈനസ്‌ എട്ടുമുതൽ മൈനസ്‌ 70 ഡിഗ്രിവരെ താപനിലയിലാണ്‌ വാക്‌സിനുകൾ സൂക്ഷിക്കേണ്ടത്‌. ശീതീകരണത്തിന്‌ വിവിധ മാർഗങ്ങളുണ്ടെങ്കിലും ഡ്രൈ ഐസാണ്‌ (കാർബൺ ഡയോക്‌സൈഡ്‌ സോളിഡ്‌) പൊതുവായി ഉപയോഗിച്ചുവരുന്നത്‌. കേടായേക്കാവുന്ന വസ്‌തുവകകൾ വിമാനയാത്രകളിൽ സൂക്ഷിക്കുന്നതിന്‌ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഉപയോഗിക്കാവുന്നത്‌ ഡ്രൈ ഐസാണ്‌. എത്ര അളവു‌വരെ ഡ്രൈഐസ്‌ ഓരോ യാത്രയിലും ഉപയോഗിക്കാൻ സാധിക്കുമെന്നത്‌ നേരത്തെ തന്നെ പരിശോധിച്ച്‌ തിട്ടപ്പെടുത്തിയിരിക്കണം–- ഡിജിസിഎ സർക്കുലറിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top