09 January Saturday
പിഎഫ്‌ വിഹിതം ഓഹരിയിൽ നിക്ഷേപിച്ചത്‌ നഷ്ടക്കച്ചവടം

പിഎഫ്‌ വിഹിതം കുത്തനെ ഉയർത്താതെ മിനിമം പെൻഷൻ വർധിപ്പിക്കാനാകില്ല ; - സ്‌റ്റാൻഡിങ് കമ്മിറ്റിയിൽ കേന്ദ്രം

എം പ്രശാന്ത്‌Updated: Saturday Jan 9, 2021



ന്യൂഡൽഹി
മിനിമം പിഎഫ്‌ പെൻഷൻ ഉയർത്തുന്നതിനെതിരായ നിലപാട്‌  പാർലമെന്റിന്റെ തൊഴിൽകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിലും ആവർത്തിച്ച് മോഡി സർക്കാർ. ജീവനക്കാരിൽനിന്ന്‌ പ്രതിമാസം പിടിക്കുന്ന പിഎഫ്‌ പെൻഷൻ വിഹിതം കുറഞ്ഞത്‌ ആയിരം രൂപയെങ്കിലുമായി ഉയർത്താതെ മിനിമം പെൻഷൻ കൂട്ടാനാകില്ലെന്ന്‌ കേന്ദ്ര സർക്കാർ പ്രതിനിധികൾ തൊഴിൽകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയെ അറിയിച്ചു.

നിലവിൽ ആയിരം രൂപയാണ്‌ മിനിമം പെൻഷനായി നിശ്‌ചയിച്ചിട്ടുള്ളതെങ്കിലും പലർക്കും ഇത്‌ കിട്ടാത്ത സ്ഥിതിയാണുള്ളത്‌. മിനിമം പെൻഷൻ കൂട്ടണമെന്ന്‌ ട്രേഡ്‌യൂണിയനുകളും പിഎഫ്‌ പെൻഷൻകാരും ദീർഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ വിസമ്മതിക്കുകയാണ്‌. 23 ലക്ഷം പിഎഫ്‌ പെൻഷൻകാർ നിലവിലുണ്ട്‌. പെൻഷൻ ഫണ്ടിലേക്കുള്ള മാസവിഹിതം 50–-60 രൂപയാണ്‌. ഇത്‌ ആയിരം രൂപയെങ്കിലുമായി ഉയർത്തണം.  കുറഞ്ഞത്‌ 10 വർഷമെങ്കിലും പെൻഷൻ വിഹിതം അടയ്‌ക്കണം. 10 വർഷം ജോലിയെടുത്തതിനുശേഷം പിഎഫ്‌ പണം പിൻവലിക്കാമെന്ന വ്യവസ്ഥ എടുത്തുകളയണം. –- തൊഴിൽ മന്ത്രാലയം പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.

പിഎഫ്‌ വിഹിതം ഓഹരിയിൽ നിക്ഷേപിച്ചത്‌ നഷ്ടക്കച്ചവടം
രാജ്യത്തെ കോടിക്കണക്കിന്‌ ജീവനക്കാരുടെ അധ്വാനഫലമായ പിഎഫ്‌ പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചത്‌ നഷ്ടക്കച്ചവടമായതായി തൊഴിൽ മന്ത്രാലയം പ്രതിനിധികൾ കമ്മിറ്റിയെ അറിയിച്ചു.  കോവിഡിനെത്തുടർന്ന്‌ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ട ഘട്ടത്തിലും നിക്ഷേപം നടത്തിയതിനെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയംഗങ്ങൾ വിമർശിച്ചിരുന്നു. 13.7 ലക്ഷം കോടി വരുന്ന പിഎഫ്‌ നിധിയിൽ 4600 കോടി രൂപയാണ്‌ ഓഹരിയിൽ നിക്ഷേപിച്ചിട്ടുള്ളതെന്ന്‌ മന്ത്രാലയം പ്രതിനിധികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top