സിഡ്‌നി
ഏറെക്കാലം നിശബ്‌ദനാക്കാമെന്ന് കരുതിയവർക്ക് തെറ്റി. സ്‌റ്റീവൻ സ്‌മിത്തിന്റെ ബാറ്റ് റണ്ണിലേക്കുള്ള വഴി വീണ്ടും തുറന്നു. അത് മൂന്നക്കത്തിൽ തൊട്ടു. കഴിഞ്ഞ നാല് ഇന്നിങ്‌സുകളിലെ ഒറ്റ അക്കങ്ങൾക്ക് സെഞ്ചുറികൊണ്ടുള്ള മറുപടി.
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ രണ്ടാംദിനമാണ് ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്‌റ്റൻ തകർപ്പൻ സെഞ്ചുറി കുറിച്ചത്. 131 റൺ. 2019 സെപ്‌തംബറിനുശേഷമുള്ള ആദ്യ സെഞ്ചുറി. 16 മാസങ്ങൾക്കുശേഷമാണ് സ്‌മിത്തിന്റെ ബാറ്റ് സെഞ്ചുറിയിൽ തൊടുന്നത്. ആകെ 27 സെഞ്ചുറിയായി മുപ്പത്തൊന്നുകാരന്.
സ്‌മിത്തിന്റെ സെഞ്ചുറിക്കിടയിലും മൂന്നാം ടെസ്‌റ്റിൽ ഇന്ത്യക്കാണ് മേൽക്കൈ. ഓസീസിനെ 338ന് പുറത്താക്കി ഒന്നാം ഇന്നിങ്‌സിൽ 2–-96 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ. എട്ട് വിക്കറ്റ് ശേഷിക്കെ 242 റൺ പിന്നിൽ. സ്‌മിത്തിന്റെയും മാർണസ് ലബുഷെയ്‌നിന്റെയും (91) തകർപ്പൻ പ്രകടനത്തിനിടയിലും ഓസീസിനെ വൻ സ്‌കോറിൽനിന്ന് തടഞ്ഞത് ഇന്ത്യൻ ബൗളർമാരുടെ മിടുക്കായിരുന്നു. പ്രത്യേകിച്ചും സ്‌പിന്നർ രവീന്ദ്ര ജഡേജയുടേത്. നാല് വിക്കറ്റാണ് ജഡേജ പിഴുതത്.
സ്‌മിത്തിനെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചതും ജഡേജയായിരുന്നു. 2–-166 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ ഓസീസിന് ലബുഷെയ്‌ൻ–-സ്‌മിത്ത് സഖ്യം രണ്ടാംദിനം അടിത്തറയിട്ടു. സെഞ്ചുറിയിലേക്ക് പോകുകയായിരുന്ന ലബുഷെയ്‌നിനെ പുറത്താക്കി ജഡേജ കളിയിൽ വഴിത്തിരിവുണ്ടാക്കി. മാത്യു വെയ്‌ഡും (13) ജഡേജയ്‌ക്കുമുന്നിൽ വീണു.
കാമറൂൺ ഗ്രീൻ (0), ക്യാപ്‌റ്റൻ ടിം പെയ്‌ൻ (1) എന്നിവർ ജസ്‌പ്രീത് ബുമ്രയുടെ പേസിൽ തകർന്നു. പാറ്റ് കമ്മിൻസിനെ (0) റണ്ണെടുക്കുംമുമ്പ് ജഡേജ പറഞ്ഞയച്ചു. വാലറ്റത്ത് മിച്ചെൽ സ്‌റ്റാർക് (24) മാത്രം സ്‌മിത്തിന് പിന്തുണ നൽകി. 16 ബൗണ്ടറികളായിരുന്നു സ്‌മിത്തിന്റെ ഇന്നിങ്‌സിൽ.
മറുപടിയിൽ ഇന്ത്യക്ക് നല്ല തുടക്കം കിട്ടി. എന്നാൽ, രോഹിത് ശർമയ്‌ക്ക് (26) ആ തുടക്കം മുതലാക്കാനായില്ല. രണ്ടാം ടെസ്‌റ്റ് മാത്രം കളിക്കുന്ന ശുഭ്‌മാൻ ഗിൽ (50) അരസെഞ്ചുറി നേടി പുറത്തായി.
ചേതേശ്വർ പൂജാര (9), ക്യാപ്‌റ്റൻ അജിൻക്യ രഹാനെ (5) എന്നിവരാണ് ക്രീസിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..