കൊല്ലം> എറണാകുളത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന കൊല്ലം സ്വദേശികളായ രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ്ചെയ്തു. പെരുമ്പുഴ സ്വദേശി സുധീർ (32), കിളികൊല്ലൂർ സ്വദേശി മുഹമ്മദ് മുസ്തഫ (23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.
എറണാകുളം പോണേക്കരയിലുള്ള ലോഡ്ജിൽ കഴിഞ്ഞ നാലിന് അമിതമായി മയക്കുമരുന്നു കുത്തിവച്ച് കുറ്റിച്ചിറ സ്വദേശി സിയാദ് അബോധാവസ്ഥയിലായതിനെ തുടർന്ന് സംഘം ഒളിവിൽ പോകുകയായിരുന്നു. സിയാദ് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. മരണത്തിന് വരെ കാരണമാവുന്ന ‘ടാപ്പന്റാഡോൾ’ മയക്കുമരുന്നാണ് കുത്തിവച്ചത്. ക്യാൻസർ രോഗികൾക്ക് വേദന സംഹാരിയായി നൽകുന്ന മയക്കുമരുന്നാണിത്. മെഡിക്കൽ ഷോപ്പുകളിൽനിന്നും അനധികൃതമായി വാങ്ങി സംഘം വിൽപ്പന നടത്തിവരികയായിരുന്നു. സിയാദിന്റെ അച്ഛൻ പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിയാദ് ലോഡ്ജിൽ എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് കൊല്ലം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ എറണാകുളം എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ പൊലീസാണ് പിടികൂടിയത്. എസ്‌ഐ മാരായ കെ ആർ രൂപേഷ്, കെ എസ് സുരേഷ്, ജോസഫ് രാജു, എഎസ്‌ഐ മാരായ വി എ ഷുക്കൂർ, വിജയകുമാർ, എസ്‌സിപിഒ സിഗോഷ്, സിപിഒമാരായ എൻ എ അനീഷ്, പ്രശാന്ത് ബാബു, ഷമീർ, ശ്രീരാജ്, പ്രതീഷ്, നിതിൻജോൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു. കൊല്ലം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പരസ്‌പരം സഹകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയയെകുറിച്ച് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..