09 January Saturday

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

വൈറ്റില പാലം മന്ത്രി ജി സുധാകരൻ സന്ദർശിക്കുന്നു

കൊച്ചി> സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂർ ജങ്‌ഷനുകളിലെ  ഗതാഗതക്കുരുക്കഴിക്കാൻ നിർമിച്ച മേൽപ്പാലങ്ങൾ  ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. വൈറ്റില മേൽപ്പാലം രാവിലെ 9.30നും കുണ്ടന്നൂർ മേൽപ്പാലം പകൽ 11നും ഗതാഗത്തിനു തുറന്നുകൊടുക്കും. വീഡിയോ കോൺഫറൻസിങ്ങിലൂടെയാകും മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുക. രണ്ട്‌ പാലത്തിനുസമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. മന്ത്രി ടി എം തോമസ്‌ ഐസക്‌ മുഖ്യാതിഥിയാകും.

ദേശീയപാത 66ലെയും കൊച്ചി നഗരത്തിലെയും ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുന്ന രണ്ടു പാലങ്ങളും എൽഡിഎഫ്‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിർമിച്ചത്‌. എസ്‌റ്റിമേറ്റ്‌ തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ്‌   ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്‌. ദേശീയപാത അതോറിറ്റിയിൽനിന്നു നിർമാണം ഏറ്റെടുത്തതുകൊണ്ട്‌ ടോൾ പിരിവ്‌ ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ്‌ മുൻ യുഡിഎഫ്‌ സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ്‌ പിണറായി സർക്കാർ നിശ്‌ചിത സമയത്തിനുള്ളിൽ പുർത്തിയാക്കിയത്‌.

മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റില, കുണ്ടന്നൂർ ജങ്‌ഷനുകളിൽ പകൽസമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കായിരുന്നു. വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു‌ മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും. മൂന്നു ദേശീയപാതകൾ സംഗമിക്കുന്ന കുണ്ടന്നൂർ മേൽപ്പാലം തുറക്കുന്നതോടെ ദേശീയപാതയിൽ വടക്കോഞട്ടും തെക്കോട്ടുമുള്ള യാത്രക്കാർക്കു മാത്രമല്ല, തൃപ്പൂണിത്തുറ വഴിയുള്ള കൊച്ചി–-ധനുഷ്‌കോടി പാതയിലെയും മരട്‌–-കുണ്ടന്നൂർ പാതയിലെയും യാത്രക്കാർക്ക്‌ സമയം ഏറെ ലാഭിക്കാം.

വൈറ്റില മേൽപ്പാലത്തിന്റെ നിർമാണോദ്‌ഘാടനം  2017 ഡിസംബർ 11നാണ്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്‌. 85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്‌.  78.36 കോടി രൂപയ്‌ക്ക്‌ കരാർ ഉറപ്പിച്ചതുകൊണ്ട്‌ 6.73 കോടി രൂപ മിച്ചംവന്നു. പാലത്തിന്റെ നീളം 440 മീറ്റർ. അപ്രോച്ച്‌ റോഡ്‌ ഉൾപ്പെടെ 720 മീറ്റർ നീളം. 2018 മെയ്‌ 31ന്‌ കുണ്ടന്നൂർ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങി. 74.45 കോടിയായിരുന്നു എസ്‌റ്റിമേറ്റ്‌. 66.16 കോടി‌ക്ക്‌ കരാർ ഉറപ്പിച്ചതോടെ 8.29 കോടി രൂപ മിച്ചമായി.  450 മീറ്ററാണ്‌ പാലത്തിന്റെ നീളം. അപ്രോച്ച്‌ റോഡുൾപ്പെടെ 731 മീറ്റർ നീളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top