09 January Saturday
ട്രംപ്‌ സംഘത്തിൽ കൂട്ടരാജി

യുഎസ്‌ കോൺഗ്രസ് അം​ഗങ്ങള്‍ പറയുന്നു ട്രംപിനെ പുറത്താക്കണം; സ്വയം മാപ്പ്‌ നൽകി രക്ഷപ്പെടാൻ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

വാഷിങ്‌ടൺ
സ്ഥാനമൊഴിയാൻ രണ്ടാഴ്‌ചമാത്രം ശേഷിക്കെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ പുറത്താക്കണമെന്ന്‌ യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾ. ക്യാപിറ്റോൾ ആക്രമണത്തിന്‌ പിന്നാലെ സ്വന്തം പാർടി പ്രതിനിധികൾപോലും ട്രംപിനെതിരെ തിരിഞ്ഞു.  ട്രംപിനെ നീക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിന്‌ റിപ്പബ്ലിക്കന്മാരും പിന്തുണ നൽകി. ട്രംപിനെ നീക്കിയില്ലെങ്കിൽ രണ്ടാം ഇംപീച്ച്‌മെന്റിലേക്ക്‌ നീങ്ങുമെന്ന്‌ പ്രതിനിധിസഭ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. ക്യാപിറ്റോൾ ആക്രമിച്ച്‌ കലാപം സൃഷ്ടിക്കാനുള്ള ട്രംപ്‌ അനുകൂലികളുടെ ശ്രമത്തെ തള്ളിപ്പറയാൻപോലും തയ്യാറാകാതിരുന്നതാണ്‌ ട്രംപ് സംഘത്തിലെ  ഉദ്യോഗസ്ഥരെപ്പോലും ചൊടിപ്പിച്ചു‌. ചില മുതിർന്ന ഉദ്യോഗസ്ഥർ പ്രസിഡന്റിനെ പുറത്താക്കാനുള്ള അധികാരം നൽകുന്ന യുഎസ്‌ ഭരണഘടനയുടെ 25–-ാം ഭേദഗതിയുടെ നാലാം വിഭാഗം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചർച്ച നടത്തി.

ട്രംപിനെ നീക്കി നിലവിലെ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസിനെ അധികാരം ഏൽപ്പിക്കുന്ന നടപടിയെക്കുറിച്ച് വൈറ്റ്‌ ഹൗസിൽ‌ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്‌. പല വകുപ്പുകളിലൂടെയും ട്രംപിനെ നീക്കാനുള്ള ചർച്ചകൾ നടന്നു. പരസ്യമായും ക്യാബിനറ്റ്‌ അംഗങ്ങൾ പിന്തുണ അറിയിച്ചിട്ടില്ലെങ്കിലും പലരും ഈ നീക്കത്തിന്‌ അനുകൂലമാണ്‌. വരും ദിവസങ്ങളിൽ ട്രംപ്‌ കൂടുതൽ വിനാശകരമായ നടപടികളിലേക്ക്‌ നീങ്ങുമെന്ന ഭയവും ഇവരിലുണ്ട്‌.

ട്രംപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട്‌ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസിന്റെയടക്കം ക്യാബിനറ്റിലെ മറ്റു അംഗങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന്‌ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു.  ഇനി ട്രംപിനെ ഒരു തീരുമാനവും എടുക്കാൻ അനുവദിക്കരുതെന്നും ക്യാബിനറ്റ്‌ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ്‌ ഇടപെടുമെന്നും പെലോസി പറഞ്ഞു.

ട്രംപിനെ നീക്കം ചെയ്യണമെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചങ്ക്‌ ഷുമറും ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കെതിരായ ഒരു കലാപത്തിനാണ്‌ പ്രസിഡന്റ് ‌പ്രേരിപ്പിച്ചത്. ഇനി ഒരു ദിവസംപോലും ട്രംപ്‌ പദവി വഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് സഭയ്ക്ക് വേഗത്തിൽ വോട്ട് ചെയ്യാമെങ്കിലും, അടുത്ത 13 ദിവസത്തിനുള്ളിൽ കോൺഗ്രസിന് പ്രസിഡന്റിനെ നീക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണ്‌. റിപ്പബ്ലിക്കന്മാർക്കാണ്‌‌ നിലവിൽ സെനറ്റിൽ ഭൂരിപക്ഷം. എന്നാൽ, റിപ്പബ്ലിക്കൻ പ്രതിനിധിയായ ആദം കിൻ‌സിംഗർ അടക്കമുള്ളവർ ട്രംപിനെ നീക്കണമെന്ന്‌ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. 2019ൽ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ്‌ സെനറ്റ്‌ വോട്ടിനിട്ട്‌ തള്ളുകയായിരുന്നു.

സ്വയം മാപ്പ്‌ നൽകി രക്ഷപ്പെടാൻ ട്രംപ്‌
രാജ്യത്തിനെതിരെ കലാപത്തിന്‌ ആഹ്വാനം നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്നതിനിടെ അധികാരം ദുരുപയോഗം ചെയ്യാനൊരുങ്ങി ഡോണൾഡ്‌ ട്രംപ്‌. നിലവിലെ പ്രശ്‌നങ്ങളിൽ നടപടി നേരിടാതിരിക്കാൻ പ്രസിഡന്റ്‌ മാപ്പ്‌ നൽകുന്നവരുടെ കൂട്ടത്തിൽ സ്വയം മാപ്പ്‌ നൽകാനാണ്‌ ട്രംപിന്റെ നീക്കം. ഇതിനെക്കുറിച്ച്‌ വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും നിയമവിദഗ്ധരോടും ചര്‍ച്ച നടത്തി.

അധികാരം കൈമാറുന്നതിന്റെ തലേദിവസമായ ജനുവരി 19ന്‌ മാപ്പ്‌ പ്രഖ്യാപിക്കും. ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, മുതിർന്ന ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ, പേഴ്‌സണൽ ചീഫ് ജോൺ മക്ഇൻടി, സോഷ്യൽ മീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ എന്നിവരടക്കം നിരവധി പേർക്ക്‌ മാപ്പ്‌ നൽകും. ട്രംപിന്റ മകൾ ഇവാക, മരുമകൻ ജരേഡ്‌ കൂഷ്‌നർ എന്നിവരും പരിഗണനയിലുണ്ട്‌. ട്രംപിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുകൾ, സഹായികൾ എന്നിവർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചേക്കും.

അധികാരത്തിലേറിയതു‌മുതൽ സ്വയം മാപ്പുനല്‍കാനുളള അധികാരത്തെക്കുറിച്ച് ട്രംപ് ചർച്ച നടത്തിയിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്നും ട്രംപ് ട്വീറ്റും ചെയ്തിരുന്നു. അതേസമയം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കാനുളള പ്രസിഡന്റിന്റെ അധികാരം തന്റെ വേണ്ടപ്പെട്ടവര്‍ക്കായി ആവശ്യാനുസരണം ഉപയോഗിച്ചിരുന്നു. പൊതുമാപ്പ് ലഭിച്ചവർക്കു‌മുമ്പ്‌ ചെയ്‌ത ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയിൽനിന്ന്‌ രക്ഷപ്പെടാനാകും.

പരിഹസിച്ച്‌ ചൈനീസ് മാധ്യമം; ‘മനോഹര കാഴ്‌ച’
ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയെ പരിഹസിച്ച്‌ ചൈനീസ് മാധ്യമം. 2019ൽ ഹോങ്കോങ്ങിൽ ഉണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തിയാണ്‌ ഗ്ലോബൽ ടൈംസ് പരിഹസിച്ചത്‌.

2019 ജൂലൈയിൽ ഹോങ്കോങ്ങിലെ ലെജിസ്‌ലേറ്റീവ് കൗൺസിലിൽ പ്രതിഷേധക്കാർ ആക്രമിച്ചതും ക്യാപിറ്റോളിലെ പ്രതിനിധി സഭയിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ച് കയറിയ ചിത്രങ്ങളും വച്ചായിരുന്നു പ്രതികരണം.

‘ഒരിക്കൽ നാൻസി പെലോസി ഹോങ്കോങ് പ്രക്ഷോഭത്തെ കാണാൻ മനോഹരമായ കാഴ്ചയെന്നാണ്‌ വിശേഷിപ്പിച്ചത്. ക്യാപിറ്റോളിലെ സംഭവത്തിൽ അവർക്ക് ഇതേ അഭിപ്രായം തന്നെയാണോയെന്ന്‌ യുഎസ് സ്‌പീക്കർ നാൻസി പെലോസിയെ പരാമർശിച്ച് ഗ്ലോബൽ ടൈംസ് ചോദിച്ചു.

ട്രംപ്‌ സംഘത്തിൽ കൂട്ടരാജി
അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച്‌  ട്രംപിന്റെ സംഘത്തിലെ നിരവധി പേർ രാജിവച്ചു.  ക്യാബിനറ്റ് അംഗമായ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവച്ചത്‌.ട്രംപ് അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നീക്കം നാല് പേർ കൊല്ലപ്പെടാൻ ഇടയാക്കി.  ഭരണനേട്ടങ്ങൾ ആഘോഷിക്കേണ്ട വേളയിൽ അക്രമകാരികൾ സൃഷ്ടിച്ച പ്രശ്‌നത്തിന് മറുപടി പറയേണ്ടിവരികയാണ് ചെയ്തതെന്നും ബെറ്റ്‌സി പറഞ്ഞു.ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഇലനി കാവോ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ മാത്യൂ പോട്ടിംഗർ, മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്റ്റെഫാനി ഗ്രിഷാം എന്നിവരും രാജി നൽകി‌.

ക്യാപിറ്റോൾ പൊലീസ്‌ തലവൻ രാജിവച്ചു
ആക്രമണ സംഭവങ്ങൾക്കു പിന്നാലെ ക്യാപിറ്റോൾ പൊലീസ്‌ മേധാവി സ്റ്റീഫൻ സൻഡ് രാജിവച്ചു. ‌ 16ന്‌ സ്ഥാനമൊഴിയും. ‌ സ്‌പീക്കർ നാൻസി പെലോസി രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ്‌ പടിയിറക്കം. ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ കോൺഗ്രസ്‌ ചേരുന്നതു തടഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമത്തെ നേരിടാൻ ആവശ്യമായ മുൻകരുതൽ ക്യാപിറ്റോൾ പൊലീസ്‌ സ്വീകരിച്ചിരുന്നില്ലെന്ന്‌ വലിയ വിമർശം ഉയർന്നു. ആക്രമണം ഉണ്ടാക്കുമെന്ന്‌ വിവരം ലഭിച്ചിട്ടും പൊലീസ്‌ അലംഭാവം കാണിച്ചു. കറുത്ത വർഗക്കാരുടെ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന പൊലീസ്‌ ട്രംപിന്‌ അനുകൂലമായി നിലകൊണ്ടുവെന്നും വിമർശമുണ്ട്‌.

യു‌എസ് ക്യാപിറ്റോളിനെതിരായ ആക്രമണം വാഷിങ്‌ടൺ ഡി‌സിയിലെ തന്റെ 30 വർഷത്തെ പൊലീസ്‌ ജോലിക്കിടയിൽ താൻ അനുഭവിച്ചതിൽനിന്ന്‌ വ്യത്യസ്തമായിരുന്നുവെന്ന്‌ സ്റ്റീഫൻ പറഞ്ഞു. ഉദ്യോഗസ്ഥർ കലാപകാരികളെ നേരിട്ട രീതി വീരോചിതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ബനാന റിപ്പബ്ലിക്’ ആയി: മൈക്ക് പോംപിയോ
ട്രംപിനെതിരെ കടുത്ത നിലപാടുമായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്പോംപിയോ. ക്യാപിറ്റോൾ ആക്രമണത്തിന്റെ പേരിൽ ലോകത്തിന്‌ മുന്നിൽ അമേരിക്ക നാണംകെട്ടതിനു പിന്നാലെയാണ്‌ പോംപിയോയുടെ പ്രതികരണം. ക്യാപിറ്റോൾ ആക്രമണം അമേരിക്കയെ ഒരു ബനാന റിപ്പബ്ലിക് ആക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട അക്രമം അധികാരത്തിന്റെ വിനിയോഗം നിർണയിക്കുന്ന ഇടമാണ്‌ ബനാന റിപ്പബ്ലിക്‌. അമേരിക്കയിൽ നിയമപാലകർ ജനക്കൂട്ടത്തിന്റെ അക്രമം തടയുന്നു. അതിലൂടെ ജനങ്ങളുടെ പ്രതിനിധികൾക്ക് നിയമവാഴ്ചയ്ക്കും ഭരണഘടനയ്‌ക്കും സർക്കാരിനും അനുസൃതമായി അധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് ട്രംപിന്റെ കടുത്ത വിശ്വസ്‌തനായിരുന്ന‌ പോംപിയോ ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top