08 January Friday

കിറ്റെക്‌സ്‌ മുതലാളിയുടെ നിർദേശം: ആരോഗ്യകേന്ദ്രം നിർമാണോദ്‌ഘാടനം ബഹിഷ്‌കരിച്ച്‌ ട്വന്റി-20

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021

കൊച്ചി > കുന്നത്തുനാട്‌ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്‌ഘാടനം പുതുതായി അധികാരത്തിൽ വന്ന ട്വന്റി–-20 പഞ്ചായത്ത്‌ ഭരണസമിതി ബഹിഷ്‌കരിച്ചു. മണ്ഡലം ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ വി പി സജീന്ദ്രൻ എംഎൽഎ നൽകിയ 30 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ആശുപത്രിക്കെട്ടിടം നിർമിക്കുന്നത്‌. ഇതിന്റെ നിർമാണോദ്‌ഘാടന ചടങ്ങിൽനിന്നാണ്‌ വനിതാ പ്രസിഡന്റ്‌ ഉൾപ്പെടെ 11 ട്വന്റി-20 അംഗങ്ങൾ വിട്ടുനിന്നത്‌.

ട്വന്റി‐20 ചീഫ്‌ കോ-ഓർഡിനേറ്റർകൂടിയായ അന്ന- കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ എംഡി സാബു ജേക്കബ്ബിന്റെ വിലക്കുള്ളതിനാലാണ്‌ പഞ്ചായത്ത്‌ ഭരണസമിതി ചടങ്ങിൽനിന്ന്‌ വിട്ടുനിന്നത്‌. ട്വന്റി-20 പഞ്ചായത്ത്‌ പ്രസിഡന്റുമാരും അംഗങ്ങളും സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് അവർക്ക് ‌ലഭിച്ചിട്ടുള്ള നിർദേശം. കിഴക്കമ്പലം പഞ്ചായത്തിനുപുറമെ കുന്നത്തുനാട്‌, മഴുവന്നൂർ, ഐക്കരനാട്‌ എന്നീ പഞ്ചായത്തുകളിലും ട്വന്റി-20 ഭരണമാണുള്ളത്‌.

കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ പട്ടിമറ്റം പിഎച്ച്‌സിയുടെ കെട്ടിടനിർമാണോദ്‌ഘാടനത്തിന്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെയും അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരുന്നതായി വി പി സജീന്ദ്രൻ എംഎൽഎ പറഞ്ഞു. പ്രസിഡന്റ്‌ എം വി നിതാമോളുടെ പേര്‌ അധ്യക്ഷസ്ഥാനത്ത്‌ വച്ചിരുന്നു. പരിപാടിയുടെ തലേന്നും പഞ്ചായത്തിൽ വിളിച്ച്‌ ഓർമിപ്പിച്ചു. പ്രസിഡന്റ്‌ എന്തെങ്കിലും അസൗകര്യമുള്ളതായി പറഞ്ഞിരുന്നില്ലെന്നും എംഎൽഎ പറഞ്ഞു.

പിഎച്ച്‌സി പ്രവർത്തിക്കുന്ന വാർഡിലെയും ബ്ലോക്ക്‌ ഡിവിഷനിലെയും യുഡിഎഫ്‌ അംഗങ്ങളും വ്യത്യസ്‌ത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമായ പദ്ധതിയായിട്ടും ട്വന്റി-20 പഞ്ചായത്ത്‌ അംഗങ്ങൾ ബഹിഷ്‌കരിച്ചതിനെ ചടങ്ങിൽ സംസാരിച്ച എല്ലാവരും ശക്തമായി വിമർശിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ചുമതല പഞ്ചായത്തുകൾക്കാണെന്ന കാര്യംപോലും കിറ്റെക്‌സ്‌ മുതലാളിയുടെ നിർദേശമനുസരിക്കുന്ന ട്വന്റി–-20യുടെ ജനപ്രതിനിധികൾക്ക്‌ അറിയില്ലെന്ന വിമർശവുമുയർന്നു. പഞ്ചായത്തിലെ 18ൽ 11 വാർഡും ജയിച്ചാണ്‌ ട്വന്റി-20 ഭരണത്തിലെത്തിയത്‌. മൂന്നുമാസത്തേയ്‌ക്ക്‌ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന്‌ ട്വന്റി–-20 തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങുകൾ മാധ്യമശ്രദ്ധകിട്ടാനായി നടത്തുന്നതാണെന്നും  പ്രസിഡന്റ്‌ എം വി നിതാമോൾ പ്രതികരിച്ചു.

ട്വന്റി–-20 ആദ്യം ഭരണം പിടിച്ച കിഴക്കമ്പലം പഞ്ചായത്തിലെ പ്രസിഡന്റിനും അംഗങ്ങൾക്കും സർക്കാർ ഓണറേറിയത്തിനുപുറമെ കിറ്റെക്‌‌സ്‌ മുതലാളി നിശ്‌ചിതതുക ശമ്പളമായി നൽകിയിരുന്നു. അതിനാൽ മുതലാളി പറയുന്നതിനപ്പുറം ഒന്നുംചെയ്യാൻ പഞ്ചായത്തിന്‌ കഴിഞ്ഞിരുന്നില്ല. സ്വന്തം മകളുടെ വിവാഹത്തിന്‌ രാഷ്‌ട്രീയനേതാക്കളെ ക്ഷണിച്ചതിന്‌ കിഴക്കമ്പലം പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷന്‌ സ്ഥാനംപോയിരുന്നു. മറ്റു രാഷ്‌ട്രീയക്കാരെ വിളിക്കരുതെന്ന കിറ്റെക്‌സ്‌ മുതലാളിയുടെ നിർദേശം ലംഘിച്ചതിനാണ്‌ രാജിവയ്‌ക്കേണ്ടിവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top