08 January Friday

നിയമസഭാ സമ്മേളനം‌ ഇന്നുമുതൽ ; രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


തിരുവനന്തപുരം
പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അന്തരിച്ച ചങ്ങനാശേരി എംഎൽഎ സി എഫ്‌ തോമസ്‌, മുൻ രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി എന്നിവർക്ക്‌ അനുശോചനം രേഖപ്പെടുത്തി 11ന്‌ സഭ പിരിയുമെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12,13,14 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. 15നാണ്‌ ബജറ്റ്‌. 18മുതൽ 20വരെ പൊതുചർച്ച.

അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും 21ന്‌. നാലുമാസത്തേക്കുള്ള വോട്ട്‌ ഓൺ അക്കൗണ്ടിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും 25ന്‌. റിപ്പബ്ലിക്‌ ദിന അവധിക്ക്‌ ശേഷം 27, 28 തീയതികളിൽ ഗവൺമെന്റ്‌ കാര്യത്തിന്‌ നീക്കിവച്ച സമയം എപ്രകാരം വിനിയോഗിക്കണമെന്ന്‌ കാര്യോപദേശക സമിതി തീരുമാനിക്കും. സ്പീക്കറെ നീക്കാനാവശ്യപ്പെട്ട്‌ എം ഉമ്മർ എംഎൽഎ നൽകിയ നോട്ടീസിൽ വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ യുക്തമായ നടപടി എടുക്കും. സമ്മേളനം 28ന്‌ അവസാനിക്കും.

കോവിഡ്‌ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. ഇ–- നിയമസഭ പദ്ധതിയുടെ സാധ്യതകൾ പരമാവധി ഉൾപ്പെടുത്തി പൂർണമായും കടലാസ്‌ രഹിത സഭയായിരിക്കും ഇത്തവണത്തേതെന്നും സ്പീക്കർ പറഞ്ഞു.‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top