08 January Friday

പാർലമെന്റ് ആക്രമിച്ച് ട്രംപ് അനുകൂലികള്‍ ; നാണംകെട്ട് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021

വാഷിങ്‌ടൺ
ഡോണള്‍‍ഡ്  ട്രംപിന്റെ അധികാരകൊതിയാല്‍ ലോകത്തിന്‌ മുന്നിൽ നാണംകെട്ട് അമേരിക്ക. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ്‌ വിജയം സ്ഥിരീകരിക്കാൻ സംയുക്ത സമ്മേളനം ചേരവെ യുഎസ്‌ കോൺഗ്രസിനെ വിരട്ടാൻ അനുകൂലികളെ ഇറക്കി ട്രംപ് നടത്തിയ റാലി  പാർലമെന്റ്‌ ആക്രമണമായി മാറി. അമേരിക്കന്‍ ജനാധിപത്യത്തിന് തീരാകളങ്കമായ കലാപത്തില്‍ സ്‌ത്രീയടക്കം നാലു പേർ മരിച്ചു. അധികാരം വിട്ടൊഴിയാൻ തയ്യാറാകാതെ കലാപകാരികളെ ഇളക്കിവിട്ട ട്രംപിന്റെ നടപടിയെ ലോകനേതാക്കള്‍ അപലപിച്ചു.

ഇന്ത്യൻ സമയം വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ട്രംപിന്റെ ആഹ്വാനത്തെ തുടർന്ന്‌ സംഘടിച്ചെത്തിയ ആയിരങ്ങൾ അതീവ സുരക്ഷിതമേഖലയായ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക്‌ ഇരച്ചു കയറി. പൊലീസുമായി ഏറ്റുമുട്ടി, ബാരിക്കേഡുകൾ തകർത്തു.  പാർലമെന്റ്‌ മന്ദിരത്തിലേക്ക് ഇരച്ചുകയറിവരെ തടയാന്‍ പൊലീസിനായില്ല. സെനറ്റ്‌ ഹാളിലേക്ക്‌  കയറി അക്രമികള്‍ സ്‌പീക്കർ നാൻസി പെലോസിയുടെ മുറിയടക്കം പല ഓഫീസുകളും കൈയ്യേറി. അമേരിക്കൻ ചരിത്രത്തിലാദ്യമാണ്‌ കോണ്‍​ഗ്രസ് ചേരുമ്പോൾ ഇത്തരമൊരു സംഭവം. കറുത്തവംശജരായ പ്രക്ഷോഭകരെ നിഷ്ഠൂരം നേരിടുന്ന അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ട്രംപ് അനുകൂലികളെ തടയുന്നതില്‍ ​ഗുരുതവീഴ്ചയുണ്ടായി.

ജനപ്രതിനിധികളെ  രഹസ്യതുരങ്കത്തിലൂടെയാണ്‌ പാർലമെന്റിന്‌ പുറത്തെത്തിച്ചത്‌. കടുത്ത ട്രംപ് അനുകൂലിയായ യുഎസ് വ്യോമസേന മുൻ ഉദ്യോഗസ്ഥ ആഷ്ലി ബാബിറ്റ് കെട്ടിടത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചു. മറ്റ് മൂന്നുപേര്‍ മരിച്ചത് പാര്‍ലമെന്റിന് പുറത്താണ്‌. ആക്രമണങ്ങൾക്ക്‌ നേതൃത്വം നൽകിയവരിൽ വെസ്റ്റ്‌ വിർജീനിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗമായ ഡെറിക് ഇവാൻസുമുണ്ട്‌. 

വാഷിങ്‌ടൺ ഡിസിയിൽ 15 ദിവസത്തെ‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 52 പേരെ അറസ്റ്റ്‌ ചെയ്‌തു‌. അനധികൃമായി തോക്ക്‌ കൈവശം വച്ചതിന്‌ നിരവധിപേര്‍ പിടിയിലായി. സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

ട്രംപ് ഒറ്റപ്പെട്ടു
കലാപത്തിനു പിന്തുണ നൽകിയതിന്‌ ട്രംപിന്റെ ട്വിറ്റർ, ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചു.  ആക്രമണത്തിനെതിരെ റിപ്പബ്ലിക്കന്മാരും രം​ഗത്തെത്തി. ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ റിപ്പബ്ലിക്കൻ അംഗങ്ങളും ആവശ്യപ്പെട്ടു. വിഷയം ക്യാബിനറ്റ്‌ ചർച്ച ചെയ്‌തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

സഖ്യരാഷ്ട്രനേതാക്കള്‍ ഒന്നടങ്കം സംഭവത്തെ അപലപിച്ചതോടെ ട്രംപ് ഒറ്റപ്പെട്ടു. കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രം​ഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടെന്ന് ബോധ്യപ്പെട്ടതോടെ അനുയായികളോട് വീടുകളിലേക്ക്‌ മടങ്ങാൻ ട്രംപ്‌ ആവശ്യപ്പെട്ടു. കലാപം ആരംഭിച്ച്‌ മണിക്കൂറുകൾ കഴിഞ്ഞായിരുന്നു ഇത്‌. ഭരണം കൈമാറുമെന്നും എന്നാൽ വിജയം അംഗീകരിക്കില്ലെന്നും ട്രംപ്‌ പറഞ്ഞു.  സമാധാനം പുനഃസ്ഥാപിക്കാൻ ബൈഡൻ ആഹ്വാനംചെയ്‌തു. ആക്രമണത്തിൽ പ്രതിഷേധിച്ച്‌ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാറ്റ് പോറ്റിങ്ങർ രാജിവച്ചു.

ബൈഡന്റെ വിജയം അംഗീകരിച്ചു
കലാപത്തെ തുടർന്ന്‌ നിർത്തിയ  യുഎസ്‌ കോൺഗ്രസ്‌ സംയുക്തസമ്മേളനം ആറു മണിക്കൂറിനുശേഷം വീണ്ടും സമ്മേളിച്ച്‌ ഡെമോക്രാറ്റിക് പ്രസിഡന്റ്‌​​ സ്ഥാനാർഥി  ജോ ബൈഡന്റെ വിജയം  അംഗീകരിച്ചു. ​ ജനുവരി 20ന്​  ബൈഡൻ സത്യപ്രതിജ്ഞ ചെയ്യും. വൈസ്​ പ്രസിഡന്റ്‌​ മൈക്ക്​ പെൻസാണ്​ പ്രഖ്യാപനം നടത്തിയത്‌​. 306 ഇലക്​ട്രറൽ വോട്ടാണ്​ ജോ ബൈഡൻ നേടിയത്​. പ്രസിഡന്റായി തെരഞ്ഞെടുക്കാൻ 270 അംഗങ്ങളുടെ പിന്തുണയാണ്​ വേണ്ടിയിരുന്നത്‌​. ഇന്ത്യൻ വംശജ കമല ഹാരീസാണ്‌ വൈസ്‌ പ്രസിഡന്റ്‌.

ഇന്ത്യന്‍ പതാകയേന്തി അക്രമികള്‍: ലജ്ജാകരം‐ സിപിഐ എം
ട്രംപ്‌ അനുകൂലികൾ നടത്തിയ ആക്രമണത്തിനിടെ ഇന്ത്യൻ ദേശീയപതാക പ്രദർശിപ്പിച്ചത്‌ ലജ്ജാകരമെന്ന്‌ സിപിഐ എം. ഈ വിഷയത്തിൽ എന്തുകൊണ്ട്‌  ഹൗഡി മോഡി അനുകൂലികൾ നിശ്ശബ്ദത പാലിക്കുന്നു? നമസ്‌തേ ട്രംപ്‌ ഈ രീതിയിലാണോ നടപ്പാക്കുന്നത്‌? ഹീനമായ പ്രവൃത്തിക്ക്‌ പിന്തുണ നൽകാൻ ദേശീയപതാക ഉപയോഗിച്ച  ഈ പ്രവാസി ഇന്ത്യക്കാരെ ഓർത്ത്‌ ലജ്ജിക്കുന്നുവെന്ന്‌ സിപിഐ എം ഫെയ്‌സ്‌ബുക്കിൽ പ്രതികരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top