ന്യൂഡൽഹി
മോഡിസർക്കാരിനെ വിറപ്പിച്ച് ഡൽഹി അതിർത്തികളിൽ ഉജ്വല ട്രാക്ടർ റാലി. പാടങ്ങളിൽനിന്ന് ആയിരക്കണക്കിനു ട്രാക്ടറുകളുമായി എത്തിയ കർഷകപോരാളികൾ രാജ്യതലസ്ഥാനം വളഞ്ഞു. കരിനിയമങ്ങൾ പിൻവലിച്ച് സമരം അവസാനിപ്പിച്ചില്ലെങ്കിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഔദ്യോഗിക പരേഡിനുശേഷം സമാന്തര പരേഡ് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചു.
ഡൽഹി–-മനേസർ–-പൽവൽ എക്‌സ്‌പ്രസ് വേയിലെ സാംപ്ല ടോൾ പ്ലാസയ്‌ക്കു സമീപം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ജോയിന്റ് സെക്രട്ടറിമാരായ വിജു കൃഷ്‌ണൻ, ബാദൽ സരോജ്, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് എന്നിവർ നേതൃത്വം നൽകി. മാർച്ച് കുണ്ട്‌ലിയിൽ സമാപിച്ചു. കുണ്ട്‌ലി–ഗാസിയാബാദ്–-പൽവാൽ ബൈപാസിലും ബുറാഡിയിലും ഡൽഹി–-നോയിഡ അതിർത്തിയായ ചില്ലയിലേയ്‌ക്കും മാർച്ചുനടന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്, രാഷ്ട്രീയ കിസാൻ മസ്‌ദൂർ മഹാസംഘ് പ്രസിഡന്റ് ശിവകുമാർ കാക്ക, അഭിമന്യു കൊഹാദ് എന്നിവർ നേതൃത്വം നൽകി.
മാർച്ചുകളിൽ 5000ൽപരം ട്രാക്ടർ നിരന്നുവെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ പട്ടണങ്ങളിലും ട്രാക്ടർ റാലികൾ നടന്നു. ബിഹാറിൽ 25 ഇടത്ത് അനിശ്‌ചിതകാല ധർണ തുടരുന്നു.
സമരസമിതി നേതാക്കളും കൃഷി മന്ത്രി നരേന്ദ്രസിങ് തോമറും തമ്മിൽ എട്ടാംവട്ട ചർച്ച വെള്ളിയാഴ്‌ച നടക്കും. മൂന്ന് കാർഷികനിയമവും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സമരസമിതി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..