08 January Friday

പെരിങ്ങമ്മലയിൽ ലീഗിനെ വെട്ടാൻ കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട്

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021
പാലോട്>
യുഡിഎഫിൽ തമ്മിലടി രൂക്ഷമായ പെരിങ്ങമ്മല പഞ്ചായത്തിൽ കോൺഗ്രസ്‌–-ബിജെപി രഹസ്യധാരണ മറനീക്കുന്നു. വ്യാഴാഴ്ച നടന്ന  സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ്‌ ഈ അവിശുദ്ധ സഖ്യം നാടറിഞ്ഞത്‌‌. മുസ്ലിംലീഗ് നിർദേശിച്ച അംഗത്തിന് വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാത്തതിനെ തുടർന്നാണ്‌‌ കോൺഗ്രസും ലീഗും തമ്മിൽ ഇവിടെ തർക്കം ഉടലെടുത്തത്‌‌. വൈസ് പ്രസിഡന്റ്‌ ചെയർമാനായുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക്‌ ലീഗ്‌ അംഗം വരാതിരിക്കാൻ ഭരണപക്ഷത്തുള്ള  കോൺഗ്രസ് തന്നെ‌ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു‌. ഒപ്പം തെരഞ്ഞെടുപ്പ്‌ നടന്നാൽ  കോൺഗ്രസ്‌ പ്രതിനിധിയെ പിന്തുണയ്‌ക്കണമെന്ന്‌  ബിജെപി–- സ്വതന്ത്ര അംഗങ്ങളോട്‌ രഹസ്യ കരാറുമുണ്ടാക്കി. 

ഇതോടെ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ലീഗിനെ ഒഴിവാക്കി ബിജെപിയുമായി മുന്നണി ഉണ്ടാക്കി ഭരണം കയ്യാളുകയാണ്‌ ലക്ഷ്യം. കൊല്ലരുകോണം വാർഡിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്കും പാലോട് വാർഡിൽ ബിജെപി വോട്ടുകൾ കോൺഗ്രസിനും നൽകിയാണ് ബിജെപി വിജയിച്ചതെന്നുള്ള ആരോപണം ലീഗ് തന്നെ ഉന്നയിക്കുകയും ചെയ്‌തിരുന്നു.
 

ലീഗുകാർ ഭീഷണിപ്പെടുത്തുന്നതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌

ലീഗ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ബി വസന്ത പരാതി നൽകി. കോൺഗ്രസുകാരിയായ ഇവർ ലീഗിന്റെ സീറ്റിൽ കോണി ചിഹ്നത്തിലാണ്‌ മത്സരിച്ച്‌ ജയിച്ചത്. വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ലീഗിന്റെ മറ്റൊരു അംഗമായ നസീമ ഇല്യാസിനെ സ്ഥാനാർഥിയാക്കാനായിരുന്നു യുഡിഎഫ്‌ ധാരണ. എന്നാൽ സ്വതന്ത്ര അംഗങ്ങളിൽ ഒരാൾ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വസന്തയുടെ പേര് നിർദേശിച്ചതോടെ യുഡിഎഫ്‌ തീരുമാനം അട്ടിമറിച്ച് കോൺഗ്രസ് അംഗങ്ങൾ വസന്തയ്ക്ക് വോട്ട്‌ ചെയ്തു. ഇങ്ങനെയാണ്‌‌ വസന്ത വൈസ്‌ പ്രസിഡന്റാകുന്നത്‌. സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതാക്കൾ വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്ന്‌ തെരഞ്ഞെടുപ്പ് കമീഷനും ഡിജിപിക്കും പട്ടികജാതി പട്ടികവർഗ കമീഷനും ജില്ലാ കലക്ടർക്കും നൽകിയ പരാതിയിൽ പറഞ്ഞു.
    
    
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top