07 January Thursday

കോവാക്‌സിന് വേണ്ടി തിടുക്കം ; കേന്ദ്രം സമ്മർദം ചെലുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


ന്യൂഡൽഹി
കോവാക്‌സിന്‌ വിദഗ്‌ധസമിതി അടിയന്തര അനുമതി ശുപാർശ ചെയ്‌തതിന്‌ പിന്നിൽ ബാഹ്യസമ്മർദമുണ്ടെന്ന ആരോപണം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്‌. സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌സ്‌ കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) വിദഗ്‌ധസമിതിയാണ്‌ കോവിഷീൽഡിനും കോവാക്‌സിനും അടിയന്തര അനുമതി ശുപാർശ ചെയ്‌തത്‌.
ഡിസംബർ 30, ജനുവരി 1 തീയതികളിലെ യോഗങ്ങളുടെ മിനിറ്റ്‌സ്‌ പ്രകാരം കോവാക്‌സിന്റെ കാര്യത്തിൽ വിദഗ്‌ധസമിതി തൃപ്‌രായിരുന്നില്ല. എന്നാൽ, രണ്ടാം തീയതി ഒറ്റയടിക്ക്‌ അടിയന്തര അനുമതി ശുപാർശ നല്‍കി.

‘കോവാക്‌സിന്റെ  ഇമ്യൂണോജെനിസിറ്റി, സുരക്ഷ, ഫലസിദ്ധി തുടങ്ങിയ ഏറ്റവും പുതിയ വിവരങ്ങൾ സമിതിയുടെ തുടർപരിഗണനയ്‌ക്ക്‌ സമർപ്പിക്കാൻ നിർദേശിക്കുന്നു’–- എന്നാണ്‌ ഡിസംബർ 30ലെ മിനിറ്റ്‌സ്‌. ക്ലിനിക്കൽ ട്രയലിന്റെ മൂന്നാംഘട്ടത്തിന്റെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കാൻ ഭാരത്‌ ബയോടെക്കിനോട്‌ നിർദേശിക്കുന്നുവെന്നാണ്‌ ജനുവരി ഒന്നിലെ യോഗത്തിന്റെ മിനിറ്റ്‌സിൽ പറയുന്നത്‌. ക്ലിനിക്കൽ ട്രയലിന്റെ ഒന്ന്‌, രണ്ട്‌ ഘട്ടങ്ങളുടെ വിശദാംശങ്ങളില്‍ സമിതി തൃപ്തരല്ലെന്ന് ഇതില്‍ നിന്ന് വിലയിരുത്താം.

എന്നാൽ, ഇതേ സമിതി രണ്ടാം തീയതി യോഗം ചേർന്ന്‌ കോവാക്‌സിന്‌ അടിയന്തര അനുമതി ശുപാർശ നല്‍കിയത് ആശ്ചര്യജനകമാണെന്ന്‌ ആരോ​ഗ്യമേഖലയിലെ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടി. ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയിട്ടില്ലെന്നതാണ്‌ കോവാക്‌സിന്റെ പ്രധാനന്യൂനതയായി വാക്‌സിൻ വിദഗ്‌ധരും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്‌.മൂന്നാംഘട്ടം പൂർത്തിയാക്കുന്നതിന്‌ മുമ്പ്‌ അനുമതി നൽകേണ്ട സാഹചര്യം എന്താണെന്ന ചോദ്യം ഉയരുന്നു. എന്നാൽ, ‘ബാക്ക്‌അപ്പ്‌ വാക്‌സിൻ’ എന്ന നിലയിലാണ്‌ കോവാക്‌സിൻ ഉപയോഗിക്കുകയെന്നും അടിയന്തരസാഹചര്യങ്ങളിൽ ‘അധികസാധ്യത’ എന്ന നിലയിൽ അത്‌ സഹായകമാകുമെന്നും സർക്കാർവൃത്തങ്ങൾ അവകാശപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top