ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തിന് കാരണമായ തർക്കവിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിൽ സുപ്രീംകോടതിക്ക് നിരാശ. ‘സാഹചര്യങ്ങൾ ഒട്ടും മെച്ചപ്പെട്ടിട്ടില്ല’–- ബുധനാഴ്‌ച ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ നിരീക്ഷിച്ചു. സർക്കാരും കർഷകരും തമ്മിലുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കോടതിയുടെ ഉദ്ദേശ്യം. സാഹചര്യങ്ങൾ കോടതി മനസ്സിലാക്കുന്നുവെന്നും ചീഫ്‌ജസ്‌റ്റിസ് പറഞ്ഞു.
അനുരഞ്‌ജനത്തിന് സാധ്യതയുണ്ടെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കർഷകനിയമങ്ങൾക്ക് എതിരായ ഹർജികളിൽ ഇപ്പോൾ എതിർസത്യവാങ്‌മൂലം സമർപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്‌ച വിഷയം വീണ്ടും പരിഗണിക്കും.
കർഷകപ്രക്ഷോഭത്തിന് കാരണമായ തർക്കവിഷയങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാൻ വിദഗ്‌ധരും കർഷകസംഘടനകളുടെയും സർക്കാരിന്റെയും പ്രതിനിനിധികളും ഉൾപ്പെടുന്ന സമിതി രൂപീകരിക്കാമെന്ന് സുപ്രീംകോടതി നേരത്തേ ശുപാർശ ചെയ്‌തു. വിഷയത്തിൽ കോടതി അന്തിമഉത്തരവ് പുറപ്പെടുവിക്കുംവരെ വിവാദകർഷകനിയമങ്ങളുടെ തുടർനടപടികൾ നിർത്തിവയ്‌ക്കാൻ തയ്യാറാണോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല.
ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർവകലാശാലയിലെ 35 വിദ്യാർഥികൾ സുപ്രീംകോടതിക്ക് ഹർജി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..