വാഷിങ്‌ടൺ > ജോർജിയയിൽനിന്ന് യുഎസ് സെനറ്റിലേക്ക് വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കറുത്തവംശക്കാരനായ പാസ്‌റ്റർ റവ. റാഫേൽ വാർനോക് എതിരാളികളുടെ തീവ്ര വിദ്വേഷ പ്രചാരണം നേരിട്ടാണ് വിജയിച്ചത്. അദ്ദേഹം ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയുടെ ആരാധകനാണെന്നും തീവ്ര ഇടതുപക്ഷക്കാരനും സോഷ്യലിസ്‌റ്റുമാണെന്നും മറ്റുമായിരുന്നു റിപ്പബ്ലിക്കൻ പാർടിയുടെ പ്രചാരണം.
1995 ഒക്‌ടോബറിൽ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയ ഫിദലിന് റവ. വാറനോക് അസിസ്‌റ്റന്റ് പാസ്‌റ്ററായിരുന്ന ഹാർലെമിലെ അബിസീനിയൻ ബാപ്‌റ്റിസ്‌റ്റ് ചർച്ചിൽ സ്വീകരണം നൽകിയതാണ് 25 വർഷങ്ങൾക്കുശേഷം എതിരാളികൾ പ്രചാരണ വിഷയമാക്കിയത്.
എന്നാൽ, സോഷ്യലിസ്‌റ്റുകളുടെ കരുത്തുറ്റ യുവനിര ഉയർന്നുവരുന്ന അമേരിക്കയിൽ ഈ പ്രചാരണം പഴയപോലെ ഫലിക്കില്ലെന്ന് തെളിയിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. യുഎൻ സമ്മേളനത്തിനെത്തുന്ന രാഷ്‌ട്രത്തലവന്മാരെ അമേരിക്കൻ സർക്കാരുകൾ വാഷിങ്‌ടണിലേക്ക് വിളിച്ച് സൽക്കരിക്കാറുണ്ട്. എന്നാൽ, ഫിദലിനെ വധിക്കാൻ അറുനൂറിലധികം പദ്ധതി ആസൂത്രണംചെയ്‌ത അമേരിക്ക അദ്ദേഹത്തെ ക്ഷണിക്കാറില്ല.
ആ സാഹചര്യത്തിലാണ് കറുത്തവർക്ക് മുൻതൂക്കമുള്ള ഹാർലെമിലെ പള്ളിയിലേക്ക് അദ്ദേഹത്തെ വിളിച്ചത്. ‘ഇന്ന് നമ്മോടൊപ്പമുള്ളത് ഏറ്റവും മഹാന്മാരായ നേതാക്കളിൽ ഒരാളാണെന്ന് പറഞ്ഞ് മുഖ്യ പാസ്‌റ്റർ കാൽവിൻ ബട്ട്‌സ് ഫിദലിനെ പരിചയപ്പെടുത്തിയപ്പോൾ നിർത്താതെ കരഘോഷം മുഴങ്ങി. ആളുകൾ ഫിദൽ, ഫിദൽ ഫിദൽ എന്നും വീവാ ഫിദൽ എന്നും ആർത്തുവിളിച്ചു. അന്ന് മയാമി ഹെറാൾഡിൽ ഒരു പംക്തിക്കാരൻ ആ പരിപാടിയെ വിമർശിച്ച് എഴുതിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..