ക്രൈസ്റ്റ്‌ചർച്ച്
തുടർച്ചയായ ആറാം കളിയിലും ജയം പിടിച്ച് ന്യൂസിലൻഡ് ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തി. പാകിസ്ഥാനെ ഇന്നിങ്‌സിനും 176 റണ്ണിനും തകർത്താണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്നത്.
പാകിസ്ഥാനെതിരായ രണ്ട് മത്സര പരമ്പരയും കിവികൾ നേടി. ഓസ്‌ട്രേലിയയെ (116) മറികടന്നാണ് ന്യൂസിലൻഡ് ടെസ്റ്റ് റാങ്കിങ്ങിൽ തലപ്പത്തെത്തിയത്. കെയ്‌ൻ വില്യംസണും സംഘത്തിനും 118 പോയിന്റായി. മൂന്നാമതുള്ള ഇന്ത്യക്ക് 114 പോയിന്റാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള പോരാട്ടത്തിലും ന്യൂസിലൻഡുണ്ട്. ഓസ്‌ട്രേലിയ (76.7), ഇന്ത്യ (72.2) എന്നിവർക്ക് തൊട്ടുപിന്നിലാണവർ (70.0).
പേസർ കൈൽ ജാമിസണാണ് പാകിസ്ഥാനെതിരെ അനായാസ ജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജാമിസൺ രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് കൊയ്‌തു. 362 റൺ ലീഡ് വഴങ്ങിയ പാക് പട 186ൽ അവസാനിച്ചു. പരമ്പരയിലാകെ 16 വിക്കറ്റാണ് ആറ് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ജാമിസൺ നേടിയത്. കളിയിലെ താരവും മറ്റാരുമല്ല. ബാറ്റിൽ മിന്നിയ കെയ്‌ൻ വില്യംസണാണ് പരമ്പരയുടെ താരം. സ്‌കോർ: പാക് 297, 186. ന്യൂസിലൻഡ് 6–-659 ഡി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..