കാഞ്ഞങ്ങാട‌് > ഡിവൈഎഫ‌്ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ‌്മാന്റെ കൊലപാതകത്തിൽ പങ്കെടുത്ത മൂന്നു പേരും പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. റിമാൻഡിലായ മൂന്ന് പേരെ കസ്‌റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുത്തുവരികയാണ്.
കൊലപാതകത്തിനു ശേഷം പ്രതികൾക്ക‌് സഹായം നൽകിയവരുടെയും ഗൂഢാലോചനയിൽ പങ്കെടുത്തവരുടെയും പേര് വിവരങ്ങൾ പ്രതികൾ പറഞ്ഞുവെന്നാണറിയുന്നത്. നിസ്സാരപരിക്ക് മാത്രമുണ്ടായിരുന്ന ഇർഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക‌് കടത്തികൊണ്ടുപോയവരടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിലാണ‌്. കൊലപാതകം നടന്ന ഉടനെ പ്രതികളെ സുരക്ഷിത കേന്ദ്രത്തിലേക്ക‌് വാഹനത്തിൽ കൊണ്ടുപോയവരുടെ പേരും, തെരഞ്ഞെടുപ്പ‌് കഴിഞ്ഞ ശേഷം മാപ്പിള സഖാക്കളെ വകവരുത്തണമെന്ന‌് വിദേശത്തുനിന്ന‌് ആഹ്വാനം ചെയ‌്തയാളുടെ വിവരവും പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്.
മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് സംഭവത്തെ തിരിച്ചു വിടാൻ വാട്ട്‌സാപ്പിലുടെ ശബ്ദസന്ദേശം അയച്ച ലീഗ‌് ദേശീയ നേതാവിന്റെ കൊലപാതകത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട‌്. അവർക്ക‌് തെരഞ്ഞെടുപ്പിന് ശേഷം ലീഗ് കേന്ദ്രങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
പ്രതികളിൽ രണ്ടുപേർ നിരവധി ക്രിമിനൽ സംഭവങ്ങളിൽ ബന്ധമുള്ളവരാണെന്ന് വെളിവായിട്ടുണ്ട‌്. മുഖ്യപ്രതിയായ ഇർഷാദ‌് എൽഡിഎഫ് സ്ഥാനാർഥികളെ ആനയിച്ചു നടന്ന ആഹ്ലാദപ്രകടനത്തെ ആക്രമിക്കുന്നതും സോഡാക്കുപ്പി എറിയുന്നതും നാട്ടുകാർ കണ്ടതാണ‌്. ഇർഷാദിന്റെ ക്രിമിനൽ സ്വഭാവത്തിന് അടുത്ത ബന്ധുക്കളും ഇരയായിട്ടുെണ്ടെന്ന് നാട്ടുകാർ പറയുന്നു. വോട്ടുചെയ്യാത്ത ലീഗ‌് അനുഭാവികളായ കുടുംബത്തെ പച്ചക്കുപ്പായമിട്ട‌് ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത് എംഎസ‌്എഫ‌് നേതാവായ ഹസ്സനാണ‌്. വീട്ടിൽ കയറി സ്‌ത്രികളെയടക്കം മർദിച്ച സംഭവത്തിൽ ഒമ്പതു പേരാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..