കൊച്ചി > വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ ശനിയാഴ്‌ച തുറക്കാനിരിക്കെ പാലത്തിൽ അതിക്രമിച്ചുകയറി മിടുക്ക് കാട്ടിയവർ ഇതുവരെ പാലം നിർമാണത്തിനെതിരെ നുണ പ്രചരിപ്പിച്ച കൂട്ടർ. ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ചയില്ലാതെയും 15 കോടിയോളം മിച്ചമുണ്ടാക്കിയുമാണ് ദേശീയപാത 66ലെ രണ്ടു പാലങ്ങളും പൂർത്തിയാക്കിയത്. ദേശീയപാത അതോറിറ്റിയിൽനിന്ന് നിർമാണം ഏറ്റെടുത്തതിലൂടെ ടോൾ പിരിവ് ഒഴിവാക്കാനും സംസ്ഥാനസർക്കാരിനായി. ഈ നേട്ടങ്ങളുടെ തിളക്കമില്ലാതാക്കാൻ നിരന്തരം നടത്തിവന്ന കുതന്ത്രങ്ങളിൽ അവസാനത്തേതായിരുന്നു കഴിഞ്ഞ ദിവസത്തെ നാടകം.
കേരളം കണ്ട ഏറ്റവും വലിയ നിർമാണ അഴിമതിയുടെ ഭാഗമായി പാലാരിവട്ടം പാലം തകർന്നിട്ടും ഇക്കൂട്ടർ പ്രതികരിച്ചില്ല. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കുന്നതിലായിരുന്നു പ്രതിഷേധം. എന്നാൽ വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ നിർമാണം ആരംഭിച്ചതുമുതൽ ഇവർ അതിനെതിരായ കുപ്രചാരണങ്ങളുമായി രംഗത്തുണ്ട്. പാലാരിവട്ടം പാലത്തിലെ നിർമാണ ഗുണനിലവാര പരിശോധനകൾ നടക്കുമ്പോൾ വൈറ്റില പാലത്തിന്റെ നിർമാണത്തിൽ അപാകതയെന്ന നുണ പ്രചരിപ്പിച്ചു. അതിന്റെ ഭാഗമായി ആഴ്‌ചകളോളം നിർമാണം മുടങ്ങി. നിയമപ്രകാരമുള്ള എല്ലാ ഗുണനിലവാര പരിശോധനകളും നടത്തിയാണ് ഇരുപാലങ്ങളും പൂർത്തിയാക്കിയതെന്ന് പിന്നീട് റിപ്പോർട്ട് വന്നു.
വൈറ്റില മേൽപ്പാലത്തിനും മെട്രോ പാതയ്‌ക്കുമിടയിൽ ആവശ്യത്തിന് ഉയരമില്ലെന്നായിരുന്നു പിന്നത്തെ നുണ. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നുണ മുഖ്യധാര മാധ്യമങ്ങളും ഏറ്റുപിടിച്ചു. രണ്ടിനുമിടയിൽ അഞ്ചരമീറ്റർ ഉയരമുണ്ടെന്ന റിപ്പോർട്ട് വന്നപ്പോൾ അതു വിട്ടു. ഇന്ത്യൻ നിരത്തുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 4.7 മീറ്ററിനുമേൽ ഉയരമില്ലെന്ന വസ്‌തുത നിലനിൽക്കെയായിരുന്നു കള്ളപ്രചാരണം.
ഉന്നത നിലവാരത്തിൽ പാലങ്ങളും അതിലെ ടാറിങ്ങും അപ്രോച്ച് റോഡുകളും നിർമിച്ച് സിഗ്‌നൽ സംവിധാനമുൾപ്പെടെ സജ്ജമാക്കിയാണ് ഒമ്പതിന് ഇരു പാലങ്ങളും തുറക്കുന്നത്. ഒരാഴ്‌ച മുമ്പാണ് പാലങ്ങളുടെ ഭാരപരിശോധന വിജയകരമായി നടത്തിയത്. സംസ്ഥാനത്തെ പ്രധാന പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലങ്ങൾ മുഖ്യമന്ത്രി എത്തിയാണ് നാടിന് സമർപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭിമാന നേട്ടങ്ങളിലൊന്നായി മാറിയ പാലങ്ങളുടെ ഉദ്‌ഘാടനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ഒരുകൂട്ടർ മിടുക്കുകാട്ടാനിറങ്ങിയത്. ലോക്ക്‌ഡൗൺ കാലത്ത് സുപ്രധാന പദ്ധതികൾ ഉദ്‌ഘാടനമോ ആഘോഷമോ ഇല്ലാതെ സർക്കാർ നാടിന് സമർപ്പിച്ചിട്ടുണ്ട്. വൈറ്റില–-തൃപ്പൂണിത്തുറ റോഡിലെ ചമ്പക്കര ഇരട്ടപ്പാലങ്ങൾ നിർമാണം പൂർത്തിയായ മുറയ്‌ക്ക് ഗതാഗതത്തിന് തുറന്നു നൽകി. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന ഭാഗമായ തൈക്കൂടംമുതൽ പേട്ടവരെയുള്ള പാത ലോക്ക്‌ഡൗൺ ഇളവ് ലഭിച്ച ഉടനെ തുറക്കുകയായിരുന്നു.
അപ്രോച്ച് റോഡ് ഉൾപ്പെടെ 720 മീറ്റർ നീളമുള്ള ആറുവരി വൈറ്റില പാലത്തിന് 89.5 കോടി രൂപയാണ് വകയിരുത്തിയത്. 6.73 കോടി രൂപ മിച്ചമാക്കി നിർമാണം പൂർത്തിയാക്കി. 2017 ഡിസംബറിലാണ് നിർമാണം തുടങ്ങിയത്. കുണ്ടന്നൂർ പാലം 8.29 കോടി രൂപ ബാക്കിവച്ചാണ് നിർമിച്ചത്. 731 മീറ്റർ നീളമുണ്ട് ആറുവരിപ്പാലത്തിന്. 2018 മാർച്ചിലാണ് നിർമാണമാരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..