നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെ സാക്ഷികളുടെ പേരും മൊഴിയും വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി അന്വേഷണ ഏജൻസിയായ എൻഐഎ. സ്വർണക്കടത്തിലെ പ്രധാനിയെന്ന് നേരത്തേ എൻഐഎ വിശേഷിപ്പിച്ച സന്ദീപ് നായരെ കേസിലെ മാപ്പുസാക്ഷിയാക്കിയതിനുപിന്നാലെയാണ് ഇക്കാര്യം കോടതിയോട് ആവശ്യപ്പെട്ടത്. പിടിയിലായ 21 പ്രതികളിൽ സന്ദീപ് നായർ ഒഴികെയുള്ളവർക്കെതിരെയാണ് കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.
സാക്ഷികളുടെ പേരും മൊഴിയും വെളിപ്പെടുത്താതിരിക്കാൻ എൻഐഎ നിയമത്തിൽ വകുപ്പുണ്ടെങ്കിലും പ്രതികളുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കമായാണ് ഇതിനെ നിയമവിദഗ്‌ധർ വിലയിരുത്തുന്നത്. ചില എൻഐഎ കേസുകളിൽ സാക്ഷികളുടെ പേരുപോലും കോടതിയിൽ വെളിപ്പെടുത്താറില്ല. മാപ്പുസാക്ഷികളുടെ മൊഴിപ്പകർപ്പും പ്രതികൾക്ക് നൽകില്ല. മൊഴിയുടെ പ്രത്യേക ഭാഗങ്ങളും പരസ്യപ്പെടുത്താറില്ല. ഇതേ ആനുകൂല്യമാണ് സ്വർണക്കടത്ത് കേസിലും എൻഐഎ ഉന്നയിക്കുന്നത്.
കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനൊപ്പം പിടിയിലായ ബിജെപി പ്രവർത്തകൻ സന്ദീപ് നായരെ നാലാംപ്രതിയായാണ് ചേർത്തിരുന്നത്. കസ്‌റ്റഡിയിൽ ചോദ്യംചെയ്‌തശേഷം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ സന്ദീപിനെ കള്ളക്കടത്തിലെ പ്രധാനിയെന്നാണ് അന്വേഷണ ഏജൻസികളെല്ലാം വിശേഷിപ്പിച്ചിരുന്നത്. ബിജെപി നേതൃത്വവുമായി അടുത്തബന്ധമുള്ള സന്ദീപ് നായരെ കേസിലെ മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. രഹസ്യമൊഴിയെടുക്കാൻ കോടതിയുടെ അനുമതി ലഭിച്ച് മണിക്കൂറുകൾക്കകം അത് രേഖപ്പെടുത്തി. സന്ദീപിന്റെ അഭിഭാഷകൻപോലും ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്.
സ്വർണക്കടത്തിലെ തീവ്രവാദബന്ധം അന്വേഷിക്കുന്ന എൻഐഎക്ക് ആ വഴിക്ക് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പ്രതികൾക്കെതിരെ ആദ്യഘട്ടത്തിൽ യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയത് കോടതി വിമർശിച്ചിരുന്നു. എട്ടു പ്രതികൾക്ക് ജാമ്യം ലഭിച്ചതും എൻഐഎക്ക് ക്ഷീണമായി. ഈ സാഹചര്യത്തിലാണ് പ്രതികളിൽ ചിലരെ മാപ്പുസാക്ഷിയാക്കി മുഖംരക്ഷിക്കാനുള്ള നീക്കം. അനുബന്ധ കുറ്റപത്രവും കൂടുതൽ പ്രതികളും വരുന്നതോടൊപ്പം കൂടുതൽ മാപ്പുസാക്ഷികളും ഉണ്ടാകുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..