കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കോഴിക്കോട്ട് ചേർന്ന കെപിസിസി ഉത്തര മേഖലാ നേതൃ സംഗമത്തിലാണ് നേതാക്കൾ കൊമ്പുകോർത്തത്. അതേസമയം എംപിമാരായ കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും യോഗത്തിൽനിന്ന് വിട്ടുനിന്ന് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചു.
ഇന്നത്തെ കെപിസിസി നേതൃത്വം ഈ രീതിയിൽ പ്രവർത്തിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലം തൊടില്ലെന്ന് നേതാക്കൾ പറഞ്ഞു. കെ സുധാകരൻ എംപി, വി എസ് വിജയരാഘവൻ, സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവരാണ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ ആഞ്ഞടിച്ചത്. വെൽഫെയർ പാർടി ബന്ധത്തിലെ താളപ്പിഴകളും ചിലർ ചൂണ്ടിക്കാട്ടി. ഒടുവിൽ ‘ഒറ്റക്കെട്ടായി’ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് തിടുക്കപ്പെട്ട് തീരുമാനമെടുത്ത് യോഗം പിരിഞ്ഞു.
വെൽഫെയർ പാർടി ബന്ധത്തിൽ മുല്ലപ്പള്ളിയുമായി ഏറ്റുമുട്ടിയ കെ മുരളീധരൻ യോഗത്തിൽ പങ്കെടുക്കാതെ അതൃപ്‌തി പരസ്യമാക്കി. സ്വന്തം ജില്ലയിൽ നേതൃയോഗം നടന്നിട്ടും മുരളീധരൻ വിട്ടുനിന്നത് ഭാവിയിൽ താനെടുക്കുന്ന നിലപാടിനുള്ള സൂചനയാണ്. രാജ്‌മോഹൻ ഉണ്ണിത്താനും മുല്ലപ്പള്ളിക്കെതിരെ പ്രതിഷേധ സൂചകമായാണ് വിട്ടുനിന്നത്. നേതൃസംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെ സുധാകരൻ എംപി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് യു രാജീവൻ അധ്യക്ഷനായി.എഐസിസി സെക്രട്ടറി പി വി മോഹന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..