പഞ്ചായത്ത് സ്ഥിരംസമിതികളിലേക്ക് ബിജെപി അംഗത്തെ തെരഞ്ഞെടുത്ത് കോൺഗ്രസ്, ലീഗ് അംഗങ്ങൾ. തൃശൂർ ജില്ലയിലെ കടപ്പുറം, കൈപ്പറമ്പ് പഞ്ചായത്തുകളിലാണ് കോലീബി സഖ്യം മറനീക്കിയത്.
കടപ്പുറത്ത് ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് ബിജെപിയിലെ ഷീജ രാധാകൃഷ്ണനാണ് വിജയിച്ചത്. ആകെയുള്ള 16 അംഗങ്ങളിൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഒരു യുഡിഎഫ് വിമതനുമുണ്ട്. ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫ് ബിജെപിയെ സഹായിച്ചു.
രണ്ടു സീറ്റുള്ള ബിജെപിയും അഞ്ചു സീറ്റുള്ള എൽഡിഎഫും തമ്മിലായിരുന്നു മത്സരം. യുഡിഎഫിന്റെ എട്ടും വിമതനുംകൂടി വോട്ട് ചെയ്തതിനാൽ 11 വോട്ടുകൾ നേടിയായിരുന്നു ബിജെപി പ്രതിനിധിയുടെ വിജയം. യുഡിഎഫിനുള്ള എട്ടിൽ ഏഴ് ലീഗും ഒരു കോൺഗ്രസ് അംഗവുമാണ്. കാലങ്ങളായി മൃഗീയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരിച്ചിരുന്ന കടപ്പുറം പഞ്ചായത്തിൽ ബിജെപി –- വെൽഫെയർ സഹായമുണ്ടായിട്ടും ഇത്തവണ എട്ടുസീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. വിമതന്റെ സഹായത്തോടെയാണ് പഞ്ചായത്ത് ഭരണം.
കൈപ്പറമ്പ് പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പിലാണ് ബിജെപി പ്രതിനിധി അജിത ഉമേഷിന് യുഡിഎഫ് വോട്ടു ചെയ്തത്. ബിജെപിയുടെ രണ്ടു കൂടാതെ കോൺഗ്രസിന്റെ ഏഴും ജോസഫ് വിഭാഗത്തിന്റെ ഒരു വോട്ടും ഉൾപ്പെടെ പത്ത് വോട്ട് നേടി ഇവർ വിജയിച്ചു. മറ്റു സ്ഥിരംസമിതികളിൽ കോൺഗ്രസിന്റെയും കേരള കോൺഗ്രസി(ജോസഫ് വിഭാഗം)ന്റെയും സ്ഥാനാർഥികളെ ബിജെപി പിന്തുണച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..