തിരുവനന്തപുരം > സംസ്ഥാനത്ത് പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിക്കപ്പെട്ട (കള്ളിംഗ്) പക്ഷികളുടെയും ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മാസത്തിലധികം പ്രായമായ പക്ഷി ഒന്നിന് 200 രൂപയും രണ്ടു മാസത്തില്‍ താഴെ പ്രായമായ പക്ഷി ഒന്നിന് 100 രൂപയുമായിരിക്കും നഷ്ടപരിഹാരം.
കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
ബില്‍പ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവര്‍, കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണം. ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രോമോഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉണ്ടാകണം. തൊഴില്‍ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. നിയമനപ്രായവും വിരമിക്കല്‍ പ്രായവും സര്‍വകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളേജുകുളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിയെക്കതിരെ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടാകും. സര്‍വകലാശാല സിണ്ടിക്കേറ്റ് പരാതി തീര്‍പ്പാക്കണം.
സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസ ഏജന്‍സി രജിസ്റ്റര്‍ ചെയ്യണം. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനകം ഇതു പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ സര്‍വകലാശാല തീരുമാനിക്കും.
നിയമം പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനകം കോളേജുകളില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, പി.ടി.എ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം.
ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.
മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിര്‍മാണം നടത്തുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തസ്തികകള്‍
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ ആരംഭിച്ച ഒ.പി. വിഭാഗത്തില്‍ 101 തസ്തികകള്‍ സൃഷ്ടിച്ച് ഒരു വര്‍ഷത്തേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചു. സ്റ്റാഫ് നഴ്‌സ് - 30 തസ്തികകള്‍, ഫാര്‍മസിസ്റ്റ് - 4, ഇ.സി.ജി ടക്‌നീഷ്യന്‍ - 2, ഒപ്‌റ്റോ മെട്രിക്‌സ് - 2, എക്‌സ്‌റേ ടെക്‌നീഷ്യന്‍ - 4, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - 4, സെക്യൂരിറ്റി / നൈറ്റ് വാച്ച്മാന്‍ - 15, ഇലക്ട്രീഷ്യന്‍ / പ്ലംബര്‍ - 2, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ - 38 എന്നീ തസ്തികകളാണ് ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കുക.
ജില്ലാ ടൂറിസം: ലൈസന്‍സികള്‍ക്ക് വാടക ഇളവ്
കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നു രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് പരിഗണിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ ലൈസന്‍സികള്‍ക്ക് അടഞ്ഞുകിടന്ന കാലത്തെ വാടക ഇളവ് അനുവദിക്കാനും ലീസ് വ്യവസ്ഥയില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് സ്ഥാപനം അടച്ചിട്ട കാലം കണക്കാക്കി കരാര്‍ കാലാവധി നീട്ടി നല്‍കാനും തീരുമാനിച്ചു.
വി.പി. ജോയ് അഡീഷണല്‍ ചീഫ് സെക്രട്ടറി
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വരുന്ന ഡോ. വി.പി. ജോയിയെ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിക്കാന്‍ തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..