തിരുവനന്തപുരം > കോന്നി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഫെബ്രുവരിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കും. 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300 ഉം തുടർന്ന് 500ഉം കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതാണ്.
ഇതോടൊപ്പം കാരുണ്യ ഫാർമസിയും സജ്ജമാക്കും. ആശുപത്രി ബ്ലോക്കിൽ കിടത്തി ചികിത്സ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതി വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം നൽകി. പാറ നീക്കം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. ഓപ്പറേഷൻ തിയറ്ററുകൾ മോഡുലാർ ഓപ്പറേഷൻ തിയറ്ററുകളാക്കി മാറ്റും. പാർക്കിങ്, വേസ്റ്റ് മാനേജ്‌മെന്റ്, സ്റ്റീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സജ്ജമാക്കും. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫർണിച്ചറുകളും ലഭ്യമാക്കും. റോഡ് നിർമാണം വേഗത്തിലാക്കും. ആശുപത്രി വികസന സമിതി കഴിയുന്നതും നേരത്തെ രൂപീകരിക്കുന്നതിനും മന്ത്രി നിർദേശം നൽകി.
കോന്നി മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളും ഉൾപ്പെടെ 286 തസ്തികകളാണ് അടുത്തിടെ സൃഷ്ടിച്ചത്. ആശുപത്രിയുടെ രണ്ടാംഘട്ട നിർമാണത്തിനായി 218 കോടി രൂപയും അനുവദിച്ചു. കെ യു ജനീഷ് കുമാർ എംഎൽഎ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, പത്തനംതിട്ട കലക്ടർ പി ബി നൂഹ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംലബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, സ്‌പെഷ്യൽ ഓഫീസർ ഡോ. ഹരികുമാരൻ നായർ, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ഡോ. ദിലീപ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി എസ് വിക്രമൻ, സൂപ്രണ്ട് ഡോ. എസ് സജിത്ത് കുമാർ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..