നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഇന്നേവരെയുണ്ടാകാത്ത വിധിയാണ് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ ബുധനാഴ്‌ച ഹൈക്കോടതിയിൽനിന്നുണ്ടായത്. പ്രതികളെ വെറുതെ വിട്ട കീഴ്‌കോടതിവിധി റദ്ദാക്കി കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന വിധിവന്നത് ഒരുവർഷമായപ്പോഴാണ്. കുട്ടികളുടെ രക്ഷിതാക്കൾക്ക് നീതി ഉറപ്പാക്കുമെന്ന സർക്കാരിന്റെ ദൃഢനിശ്‌ചയമാണ് കേസ് ഇത്രവേഗത്തിൽ പരിഗണിക്കാനും പുനർവിചാരണയ്‌ക്ക് ഉത്തരവിടാനും സാഹചര്യമൊരുങ്ങിയത്.
വാളയാറിൽ രണ്ട് സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത് 2017 ജനുവരി 14നും മാർച്ച് നാലിനുമാണ്. കേസ് അന്വേഷിച്ച് 2017 ജൂണിൽ പാലക്കാട് പോക്‌സോ കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നാല് പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കൊടുവിൽ 2019 ഒക്‌ടോബർ 15ന് മൂന്നാംപ്രതി പ്രദീപ്‌കുമാറിനെയും 25ന് വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
കീഴ്‌കോടതി വെറുതെ വിട്ട പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാന്‍ കുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർഥിച്ചു. ഏത് അന്വേഷണത്തിനും സർക്കാർ സജ്ജമാണെന്നും കുട്ടികളുടെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കേസ് വാദിക്കുന്നതിൽ പ്രോസിക്യൂഷനുണ്ടായ വീഴ്ച വിധിന്യായത്തില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് വീഴ്‌ച അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ റിട്ട. ജഡ്‌ജി പി കെ ഹനീഫയെ ജുഡിഷ്യൽ കമീഷനായി നിയമിച്ചു. കമീഷൻ റിപ്പോർട്ടിൽ പ്രോസിക്യൂഷൻ വീഴ്‌ച അക്കമിട്ട് നിരത്തി.
കോടതിവിധിക്കെതിരെ കുട്ടികളുടെ അമ്മയ്‌ക്കൊപ്പം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആറ് അപ്പീൽ നൽകി. ഈ അപ്പീലുകൾ പരിഗണിച്ചാണ് വെറുതെ വിട്ട നാല് പ്രതികളെയും അറസ്‌റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പ്രത്യേക അഭിഭാഷകസംഘം
വാളയാർ കേസ് ഹൈക്കോടതിയിൽ വാദിക്കാന്‍ പ്രത്യേക അഭിഭാഷകസംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഇവർ കഴിഞ്ഞ വര്‍ഷം നവംബറിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സഹോദരിമാരുടെ അമ്മയെ കണ്ട് വിവരങ്ങൾ തേടി. സർക്കാർവാദവും കുട്ടികളുടെ അമ്മയുടെ വാദവും ഒന്നായതിനാലാണ് ഇത്ര പെട്ടെന്നു തീർപ്പുണ്ടായതെന്ന് അഭിഭാഷകസംഘം പറഞ്ഞു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ സുരേഷ്‌ബാബു തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സ്‌പെഷ്യൽ ഗവ. പ്ലീഡർ (ക്രിമിനൽ വിഭാഗം) നിക്കോളസ് ജോസഫ്, സീനിയർ ഗവ. പ്ലീഡർമാരായ എസ് യു നാസർ, സി കെ സുരേഷ് എന്നിവരും ഉണ്ടായി. പ്രതിചേർക്കപ്പെട്ടവരെ വെറുതെ വിട്ട കോടതിവിധി ഹൈക്കോടതി റദ്ദാക്കിയതിനാൽ ഇനി കേസ് പരിഗണിക്കുക ആദ്യം വിചാരണ നടന്ന പാലക്കാട് പോക്‌സോ കോടതിയിൽ. കേസിൽ തുടരന്വേഷണം വേണോ, പുനർവിചാരണ വേണോ എന്നെല്ലാം പോക്‌സോ കോടതി നിശ്‌ചയിക്കും. കൂടുതൽ അന്വേഷണം വേണമെങ്കിൽ പൊലീസിന് ആവശ്യപ്പെടാം. സഹോദരിമാരുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അതിനും ഉത്തരവിടാം. കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്ന ഏത് അന്വേഷണത്തിനും സംസ്ഥാന സർക്കാരും അനുകൂലമായതിനാൽ മറ്റ് തടസ്സങ്ങളുണ്ടാകില്ല.
സിപിഐ എമ്മും സർക്കാരും ഒപ്പംനിന്നു
വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാചര്യത്തിൽ മരിച്ച വിവരം അറിഞ്ഞയുടൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ വീട് സന്ദർശിച്ച് കുടുംബത്തിന് എല്ലാ പിന്തുണയും അറിയിച്ചു. മന്ത്രി എ കെ ബാലനും എല്ലാ സഹായവും ഉറപ്പുനൽകി. ഇവരുടെ ഏഴ് വയസ്സുള്ള ഇളയ ആൺകുട്ടിയെ പ്രീ–-മെട്രിക് ഹോസ്‌റ്റലിലാക്കി. കുടുംബത്തിന് സർക്കാർ 10ലക്ഷംരൂപ അനുവദിച്ച് വീടുനിർമാണം പൂർത്തിയാക്കി.
വാളയാർ കേസ് നാൾവഴി
2017 ജനുവരി 13 : വാളയാർ കഞ്ചിക്കോട് അട്ടപ്പളത്ത് 13 വയസ്സുള്ള പെൺകുട്ടി വീട്ടിൽ തൂങ്ങിമരിച്ചു.
മാർച്ച് നാല്: സംഭവത്തിൽ ദൃക്‌സാക്ഷിയായ സഹോദരി നാലാംക്ലാസ് വിദ്യാർഥിനി സമാനസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചു.
മാർച്ച് ആറ്: എഎസ്‌പി ജി പൂങ്കുഴലി പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്തു.
മാർച്ച് ഏഴ്: പെൺകുട്ടികൾ ലൈംഗികപീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്, മൂന്നുപേർ കസ്‌റ്റഡിയിൽ.
മാർച്ച് എട്ട്: പൊലീസിന് വീഴ്‌ചയുണ്ടെന്ന് ആരോപണം. അന്വേഷണത്തിന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന് ചുമതല നൽകി ഡിജിപി ഉത്തരവിട്ടു. മൂത്ത കുട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ വാളയാർ എസ്‌ഐ പി സി ചാക്കോയെ ഒഴിവാക്കി പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല നാർകോട്ടിക് ഡിവൈഎസ്‌പി എം ജെ സോജന് കൈമാറി. മൂത്ത കുട്ടിയുടെ മരണത്തിലെ അന്വേഷണവീഴ്‌ച പരിശോധിക്കാൻ മലപ്പുറം എസ്‌പി ദേബേഷ്‌കുമാർ ബെഹ്‌റയെ ചുമതലപ്പെടുത്താനും തീരുമാനം.
മാർച്ച് ഒമ്പത്: ബന്ധുവടക്കം രണ്ടുപേർ അറസ്‌റ്റിൽ. എസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാളയാർ എസ്‌ഐ പി സി ചാക്കോയെ സസ്‌പെൻഡ് ചെയ്‌തു. ആരോപണം നേരിടുന്ന ഡിവൈഎസ്‌പി വാസുദേവൻ, സിഐ വിപിൻദാസ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്.
മാർച്ച് 10: പെൺകുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകൻ എം മധു, ആലപ്പുഴ സ്വദേശി പ്രദീപ്‌കുമാർ എന്നിവർ അറസ്‌റ്റിൽ.
മാർച്ച് 13: പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
മാർച്ച് 14: നാലുപേരെ കസ്‌റ്റഡിയിൽ വാങ്ങി.
മാർച്ച് 15: തെളിവെടുപ്പ് തുടങ്ങി.
മാർച്ച് 17: പെൺകുട്ടികളുടെ ഏഴുവയസ്സുള്ള സഹോദരനെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു.
മാർച്ച് 18: കേസിൽ പതിനാറുകാരൻകൂടി അറസ്‌റ്റിൽ,
ഏപ്രിൽ 25: വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീൺ(29)വീടിനുസമീപത്ത് തൂങ്ങിമരിച്ച നിലയിൽ.
ജൂൺ 22: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ജൂലൈ മുതൽ രഹസ്യവിചാരണ തുടങ്ങി.
2019 ഒക്‌ടോബർ 15: മൂന്നാംപ്രതി പ്രദീപ്‌കുമാറിനെ വെറുതെ വിട്ടു.
ഒക്‌ടോബർ 25: മറ്റ് മൂന്ന് പ്രതികളേയും വെറുതെ വിട്ട് പാലക്കാട് പോക്‌സോ കോടതി ഉത്തരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..