കൊച്ചി> വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തകേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് അംഗീകരിച്ചത്.മരിച്ച പെൺകുട്ടികളുടെ അമ്മയും സമാന ആവശ്യങ്ങളുയർത്തി അപ്പീൽ നൽകിയിരുന്നു. ഹൈക്കോടതി ആ അപ്പീലും അംഗീകരിച്ചു.
പോക്‌സോ കോടതി വിധിയാണ് റദ്ദാക്കിയത്. കേസിൽ പുനരന്വേഷണം വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിക്കോളാസ് ജോസഫാണ് ഹാജരായത്. വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ
കേസില്‍ പൊലിസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല.
പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ടേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. പോക്‌സോനിയമപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല.
ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകള്‍
ഉണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
പ്രധാന സാക്ഷികളേയും രഹസ്യ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല.കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല.
വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി.പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു.അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. കോടതി ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..