06 January Wednesday
നാളെ ഡൽഹി–-മനേസർ–-പൽവാൽ എക്‌സ്‌പ്രസ്‌ വേയിൽ ട്രാക്ടർ റാലി

വീര്യമേറി കർഷകപ്രക്ഷോഭം ; ഇന്നു‌മുതൽ രണ്ടാഴ്‌ച രാജ്യവ്യാപകമായി ദേശ്‌ ജാഗ്രതാ അഭിയാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


ന്യൂഡൽഹി
കർഷകസമരത്തിന്‌ രാജ്യവ്യാപകമായി ശക്തിയും ആവേശവും ഏറുന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നും കർഷകവളന്റിയർമാർ ഡൽഹിയിൽ എത്തുമെന്ന്‌ സമരസമിതി നേതാക്കൾ അറിയിച്ചു. ഏഴിന്‌ ഡൽഹി–-മനേസർ–-പൽവാൽ എക്‌സ്‌പ്രസ്‌ വേയിൽ ട്രാക്ടർ റാലി സംഘടിപ്പിക്കും. ബുധനാഴ്‌ചമുതൽ രണ്ടാഴ്‌ച രാജ്യവ്യാപകമായി ‘ദേശ്‌ ജാഗ്രത അഭിയാൻ’ ആചരിക്കും.

പതിനെട്ടിന്‌ മഹിള കർഷകദിവസം ആചരിക്കും. ബ്ലോക്ക്‌–-ജില്ലാ കേന്ദ്രങ്ങളിൽ സ്‌ത്രീകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തും. 23 മുതൽ 25 വരെ ഡൽഹിയിൽ രാപകൽ മഹാധർണ നടത്തും. ഇതോടനുബന്ധിച്ച്‌ രാജ്യത്തെ എല്ലാ രാജ്‌ഭവനുകൾക്ക്‌ മുന്നിലും ധർണ നടത്തും. ഡൽഹിയിലും എല്ലാ സംസ്ഥാനങ്ങളിലും 26ന്‌ റിപ്പബ്ലിക്‌ ദിനത്തിൽ കർഷകപരേഡ്‌ സംഘടിപ്പിക്കും.

ടിക്രിയിൽ ആയിരത്തോളം സ്‌ത്രീതൊഴിലാളികൾ സിഐടിയു നേതൃത്വത്തിൽ ഐക്യദാർഢ്യപ്രകടനം നടത്തി. പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള അങ്കണവാടി, ആശാ, ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികളാണ്‌ മുഖ്യമായും പങ്കെടുത്തത്‌.

എ ആർ സിന്ധു, ഉഷറാണി, മറിയം ധാവ്‌ളെ, സുരേഖ, ആശ ശർമ എന്നിവർ സംസാരിച്ചു. ഡൽഹിയിലെ കൊടുംതണുപ്പും മഴയും വകവയ്‌ക്കാതെ പ്രക്ഷോഭകർ മുന്നോട്ടുപോകുകയാണ്‌. മൂന്ന്‌ കാർഷികനിയമവും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന്‌ സംയുക്ത കർഷകസമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതിനിടെ, പഞ്ചാബിലെ ബിജെപി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്‌ച നടത്തി. പഞ്ചാബിൽ ബിജെപി നേതാക്കൾ കർഷകരുടെ ബഹിഷ്‌കരണം നേരിടുന്ന സാഹചര്യത്തിലാണിത്‌. ഹരിയാനയിലും ബിജെപി, ജെജെപി നേതാക്കൾക്കെതിരെ കർഷകർ പ്രതിഷേധത്തിലാണ്‌. പലയിടത്തും ബിജെപി നേതാക്കളുടെ വീടുകൾക്ക്‌ മുന്നിൽ ധർണ തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top