06 January Wednesday
ചെന്നൈ വഴി കേരളത്തിലെത്തും ; ആദ്യദിനത്തിൽ കിട്ടുമെന്ന്‌ പ്രതീക്ഷ

പതിമൂന്നിനകം വാക്‌സിനേഷൻ ; അന്തിമ തീരുമാനം എടുക്കേണ്ടത്‌ കേന്ദ്ര സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

 

ന്യൂഡൽഹി
ഈമാസം പതിമൂന്നിനകം രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങാന്‍ സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം. പത്തുദിവസത്തിനുള്ളിൽ വാക്‌സിനേഷൻ തുടങ്ങാൻ വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ പറഞ്ഞു.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത്‌ബയോടെക്കിന്റെ കോവാക്‌സിനും  അടിയന്തര ഉപയോഗത്തിന്‌ ഞായറാഴ്‌ചയാണ് അനുമതി ലഭിച്ചത്. ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കേണ്ട മൂന്നുകോടി ആരോഗ്യപ്രവർത്തകരും മുന്നണിപ്രവർത്തകരും ‘ഗുണഭോക്താക്കൾ’ എന്നനിലയിൽ പ്രത്യേകം പേര്‌ രജിസ്റ്റർ ചെയ്യേണ്ട. അവരുടെ വിവരം ഇപ്പോൾ തന്നെ കോ–-വിൻ വാക്‌സിൻ വിതരണ സംവിധാനത്തിന്റെ ഭാഗമാണ്‌.

വാക്‌സിൻ വഴി
വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ മുംബൈ, ചെന്നൈ, കൊൽക്കത്ത, കർണാൽ (ഹരിയാന) എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ സ്‌റ്റോർ ഡിപ്പാർട്ട്‌മെന്റുകളിലേക്ക്‌ വാക്‌സിനുകൾ അയക്കും. അവിടെനിന്ന്‌ അത്‌ 37 സംസ്ഥാന വാക്‌സിൻ സ്‌റ്റോറുകളിലേക്കും ജില്ലാ വാക്‌സിൻ സ്‌റ്റോറുകളിലേക്കും വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കും എത്തിക്കും. വാക്‌സിനുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തുടനീളം 29,000 ശീതീകരണ ശൃംഖലകൾ സജ്ജീകരിച്ചിട്ടുണ്ട്‌.
അർഹരായവർ വാക്‌സിൻ എടുക്കുന്നതാണ്‌ ഉചിതം

കോവിഡ്‌ വാക്‌സിൻ വേണോ വേണ്ടയോയെന്ന്‌ പൗരൻമാർക്ക്‌ താൽപ്പര്യാനുസരണം തീരുമാനിക്കാമെങ്കിലും അർഹരായ എല്ലാവരും കുത്തിവയ്‌പ്‌ എടുക്കുന്നതാണ്‌ ഉചിതമെന്ന്‌ കേന്ദ്ര സർക്കാർ. സ്വയംപ്രതിരോധിക്കാനും രോഗവ്യാപനം തടയാനും ഇതാണ്‌ ഏറ്റവും മികച്ച മാർഗം.

വാക്‌സിനുകളുടെ സുരക്ഷയും ഫലസിദ്ധിയും ഉറപ്പാക്കിയശേഷമേ നിയന്ത്രണസംവിധാനങ്ങൾ അത്‌ പ്രയോഗിക്കാൻ അനുമതി നൽകുകയുള്ളൂവെന്നും സുരക്ഷാ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാക്‌സിൻ ചോദ്യാവലിക്കുള്ള മറുപടികളിൽ വിശദീകരിച്ചു. ഇന്ത്യയിൽ അനുമതി നൽകിയിട്ടുള്ള വാക്‌സിനുകൾ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്‌സിനുകളോട്‌ കിടപിടിക്കുന്ന രീതിയിൽ ഫലസിദ്ധി ഉള്ളവയാണ്.

യോജിച്ചുപ്രവർത്തിക്കുമെന്ന് കമ്പനികൾ
ജനങ്ങളുടെ ജീവനാണ്‌ പ്രഥമ പരിഗണന നൽകുന്നതെന്നും കോവിഡ്‌ പ്രതിരോധയജ്ഞം വിജയകരമാക്കാൻ ഒന്നിച്ചുപ്രവർത്തിക്കുമെന്നുംകോവിഷീൽഡ്‌ ഉൽപ്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട്‌, കോവാക്‌സിൻ ഉൽപ്പാദകരായ ഭാരത്‌ബയോടെകും‌ സംയുക്ത പ്രസ്‌താവന ഇറക്കി‌.  അടിയന്തര അനുമതി ലഭിച്ചതിനു പിന്നാലെ കമ്പനികൾ തമ്മിൽ വാക്‌പ്പോരിൽ ഏർപ്പെട്ടത്‌ വിവാദമായിരുന്നു. തുടർന്നാണ് സംയുക്ത പ്രസ്‌താവന ഇറക്കിയത്.


ചെന്നൈ വഴി കേരളത്തിലെത്തും ; ആദ്യദിനത്തിൽ കിട്ടുമെന്ന്‌ പ്രതീക്ഷ
കോവിഡ്‌ വാക്‌സിൻ ചെന്നൈ വഴി കേരളത്തിലെത്തും. ആദ്യദിനത്തിൽതന്നെ കേരളത്തിലും വാക്‌സിൻ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ആരോഗ്യവകുപ്പ്‌ വൃത്തങ്ങൾ പറഞ്ഞു. ചെന്നൈയിലെ മേഖലാ സംഭരണകേന്ദ്രത്തിൽനിന്നാണ്‌ കേരളത്തിന്‌ ആവശ്യമായ വാക്‌സിൻ വിമാനത്തിൽ എത്തിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ വാക്സിൻ സ്റ്റോറുകളിലേക്ക്‌ അവ മാറ്റും. തുടർന്ന്‌ എല്ലാ ജില്ലകളിലുമായി സജ്ജീകരിച്ചിട്ടുള്ള 1240 കോൾഡ് ചെയിൻ പോയിന്റിലേക്ക്‌ കൊണ്ടുപോകും. അവിടെനിന്നാണ്‌ വാക്‌സിൻ 13,420 വിതരണ സെന്ററിലെത്തിക്കുക.

എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, നേഴ്സിങ്, പാരാ മെഡിക്കൽ ഉൾപ്പെടെ എല്ലാത്തരം മെഡിക്കൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർഥികൾ, 27,000 ആശാ വർക്കർമാർ, 33,000 അങ്കണവാടി ജീവനക്കാർ, ഐസിഡിഎസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്സിൻ വിതരണത്തിൽ മുൻഗണന‌. ആദ്യഘട്ടത്തിൽ 3.13 ലക്ഷം ആരോഗ്യപ്രവർത്തകർക്കാണ്‌ നൽകുക. തുടർന്ന്‌ 50 ലക്ഷം വയോജനങ്ങൾക്ക്‌ ലഭ്യമാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top