07 January Thursday
ഓൺലൈനായി പ്രവാസി ഗ്രാമസഭകൾ

വികസനകാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായ കൂട്ടായ്മ വികസിപ്പിക്കണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jan 6, 2021


വികസനകാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ വികസിപ്പിച്ചെടുക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ ഭരണസ്ഥാപനങ്ങളോട്‌ നിർദേശിച്ചു. അതിനനുയോജ്യമായ സമീപനം സർക്കാർ സ്വീകരിക്കും.  രാഷ്ട്രീയ വിവേചനവുമില്ലാതെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സർക്കാരുണ്ടാകും. അഞ്ചുവർഷംകൊണ്ട് ജനകീയാസൂത്രണത്തിൽ അഭിമാനകരമായ ചരിത്രം എഴുതിച്ചേർക്കണം.

ജില്ലാ ആസൂത്രണസമിതി തയ്യാറാക്കുന്ന സംയുക്ത പദ്ധതികൾ ഏറ്റെടുക്കണം. എല്ലാതലത്തിലും ക്ഷേമ-വികസന പരിപാടികൾ നടപ്പാക്കണം. ജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരണം. വിശ്രമമില്ലാതെ പ്രവർത്തിച്ചാലേ നാടിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകൂ. പ്രളയദുരന്തങ്ങളെയും കോവിഡിനെയും ഫലപ്രദമായി നേരിട്ടതിന് കേരളം സാർവദേശീയ പ്രശംസ നേടിയിട്ടുണ്ട്. ഇതിൽ പ്രാദേശിക സ്ഥാപനങ്ങൾ വഹിച്ച പങ്ക് വലുതാണ്. ദുരന്തനിവാരണരംഗത്തും കോവിഡ് പ്രതിരോധത്തിലും ജാഗ്രതയും ഇടപെടാനുള്ള സന്നദ്ധതയും തുടരണം. 

നവകേരളം കർമപദ്ധതി  നടപ്പാക്കുന്നതിൽ പ്രാദേശിക സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ലൈഫ് മിഷനിലൂടെ 2.5 ലക്ഷം കുടുംബത്തിന്‌ വീട് നൽകി. ബാക്കി വീടുകൾ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തും ബാക്കിയുള്ളവ വേഗം പൂർത്തിയാക്കണം. പട്ടികയിൽ പെടാതെ പോയ അർഹരായവർക്ക് വീട് നൽകാനുള്ള നടപടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. തെരുവു വിളക്കുകൾ പൂർണമായി എൽഇഡിയായി മാറ്റുന്ന നിലാവ് പദ്ധതി കെഎസ്ഇബിയും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്നാണ് നടപ്പാക്കുന്നത്.  മാർച്ച് 31-നുമുമ്പ് ഇത്‌ പൂർത്തിയാക്കും. ജനുവരി 31-നകം രണ്ടുലക്ഷം എൽഇഡി ലൈറ്റ്‌ സ്ഥാപിക്കണം. ഈ പദ്ധതി വിജയിപ്പിക്കാൻ നല്ല ഇടപെടൽ വേണം. പൊതു ശൗചാലയങ്ങളുടെ നിർമാണത്തിലും പരിപാലനത്തിലും കൂടുതൽ ശ്രദ്ധിക്കണം.  2365 ശൗചാലയമാണ് പണിയുന്നത്. ഇതിൽ 1224 എണ്ണം ഈ വർഷം പൂർത്തിയാക്കണം.1053 ശൗചാലയത്തിന്‌ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവാരം ഉറപ്പാക്കാൻ പുറം ഏജൻസികളുടെ സഹായം തേടും
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിർമാണപ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സർക്കാരിന് പുറത്തുള്ള ഏജൻസികളെക്കൂടി ഉൾപ്പെടുത്തിയുള്ള സംവിധാനം പരിഗണനയിലുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി ആസൂത്രണ- നിർവഹണ സമ്പ്രദായങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റം അഴിമതി തടയാൻ സഹായിച്ചിട്ടുണ്ട്. അരലക്ഷത്തിന്‌ മുകളിലുള്ള എല്ലാ പ്രവൃത്തിക്കും ടെൻഡറിങ്ങും ഇ -ടെൻഡറിങ്ങും നിർബന്ധമാക്കിയതോടെ ഗുണഭോക്തൃസമിതിയെ മുന്നിൽ നിർത്തിയുള്ള അഴിമതി ഇല്ലാതായി. പദ്ധതി രൂപീകരണം നവംബർ, ഡിസംബർ മാസങ്ങളിൽ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കുകയും നിർവഹണം ഏപ്രിൽ ഒന്നിന് തുടങ്ങുകയും ചെയ്യുന്ന രീതി സർക്കാർ പ്രാവർത്തികമാക്കി.  പ്രളയവും കോവിഡുമൊന്നും ഇതിന് തടസ്സമായില്ല. 12 മാസം നീളുന്ന പദ്ധതിനിർവഹണത്തിന്റെ നേട്ടം വളരെ വലുതാണ്. ഈ നേട്ടം നിലനിർത്തണം.

കൂടുതൽ ഫണ്ട്‌ അനുവദിക്കും
സംസ്ഥാന ധന കമീഷന്റെ ശുപാർശകൾ പരിഗണിച്ച് കൂടുതൽ വിഭവങ്ങൾ പ്രാദേശിക സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറും. കൂടുതൽ ഫണ്ട്‌ അനുവദിക്കും.  ഈ സർക്കാർ വന്നപ്പോൾ ബജറ്റ് വിഹിതത്തിന്റെ 23 ശതമാനമായിരുന്നു പ്രാദേശിക സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്. പടിപടിയായി അത് 25 ശതമാനത്തിലധികമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ കൂടുതൽ തുക കൈമാറുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി പ്രവാസി ഗ്രാമസഭകൾ
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു തിരിച്ചുവന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ യോഗം വിളിക്കണം. വിദേശത്തുള്ളവരുമായി ഓൺലൈനിൽ ആശയവിനിമയം നടത്താം. പ്രവാസി ഗ്രാമസഭകൾ ഓൺലൈനായി സംഘടിപ്പിക്കണം. വികസന സഹായകമായ നിർദേശങ്ങൾ ഇതുവഴി ലഭിക്കും.പട്ടികജാതി- പട്ടികവർഗ വിഭാഗ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണം. വെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളില്ലാത്ത ഒരു വീടുപോലും ഉണ്ടാകരുത്.വികസനത്തിന്റെ മാനുഷിക മുഖത്തിന് മിഴിവേകുന്ന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ മത്സരം വേണം.  

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കും സർക്കാർ സേവനങ്ങളും മരുന്നും വീടുകളിലെത്തിക്കാനുള്ള പരിപാടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിജയിപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കണം.എല്ലാ വില്ലേജുകളിലും വൃത്തിയുള്ള പൊതുഇടങ്ങൾ ഉണ്ടാകണം. പ്രഭാത- സായാഹ്ന സവാരിക്കും വയോജനങ്ങൾക്ക് ഒത്തുചേരാനും ഇവിടെ സൗകര്യമുണ്ടാകണം.കുട്ടികളിലെ വിളർച്ച കണ്ടെത്താനും പരിഹാരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിജയത്തിനും പ്രാദേശിക സ്ഥാപനങ്ങൾ നേതൃത്വപരമായി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top