പന്തീരാങ്കാവ് യുഎപിഎ കേസിലെ രണ്ടാംപ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഒന്നാംപ്രതി അലൻ ഷുഹൈബിന്റെ ജാമ്യം തുടരും. കേസിൽ താഹയുടെ പങ്കും ബന്ധങ്ങളും താഹയുടെ വസതിയിലെ റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ജാമ്യം റദ്ദാക്കിയത്. താഹയ്‌ക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ നടപടി അതിരുകടന്നെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
അലന്റെ പ്രായവും ചികിത്സയിലാണെന്ന വാദവും കണക്കിലെടുത്ത് ജാമ്യത്തിൽ കോടതി ഇടപെട്ടില്ല. അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ഹർജിയാണ് ജസ്റ്റിസുമാരായ എ ഹരിപ്രസാദും കെ ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
തെളിവുകൾ പരിശോധിക്കാതെയും വസ്തുതകൾ വിലയിരുത്താതെയും വിചാരണക്കോടതി ജാമ്യം അനുവദിച്ചെന്നായിരുന്നു എൻഐഎ വാദം. താഹയോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ച കോടതി ഒരുവർഷത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കാനും ഉത്തരവിട്ടു. മൂന്നാംപ്രതി സി പി ഉസ്മാൻ ഒളിവിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..