ജമ്മു കശ്‌മീരിലെ ജില്ലാ വികസന കൗൺസിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മേഖലയുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷ്യം. ഇതൊരു അഭിമാന നിമിഷമാണെന്നും മോഡി കൂട്ടിച്ചേർക്കുകയുണ്ടായി. ജമ്മു കശ്‌മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങൾ റദ്ദാക്കിയതിനുശേഷം അപ്രഖ്യാപിത ലോക്‌ഡൗണിലൂടെ കടന്നുപോയ ജമ്മു കശ്‌മീരിലാണ് 73–-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് രൂപംകൊടുത്ത ജില്ലാ വികസന കൗൺസിൽ എന്ന പുതിയ സംവിധാനത്തിലേക്ക് വോട്ടെടുപ്പ് നടന്നത്. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ടു ഘട്ടത്തിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 22നു പുറത്തുവന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 51 ശതമാനം പേർ വോട്ട് ചെയ്‌തു.
തെരഞ്ഞെടുപ്പിൽ ഏഴ് പാർടി കൂട്ടുകെട്ടായ ഗുപ്‌കാർ പ്രഖ്യാപനത്തിനായുള്ള ജനകീയ സഖ്യം (പിഎജിഡി) വൻ ഭൂരിപക്ഷം നേടി. കുതന്ത്രങ്ങളിലൂടെയും നിയമവിരുദ്ധ രീതികളിലൂടെയും ജമ്മു കശ്‌മീരിന്റെ രാഷ്ട്രീയാധികാരം കൈയടക്കാനുള്ള ബിജെപിയുടെയും ആർഎസ്‌എസിന്റെയും പദ്ധതികളെയാണ് സംസ്ഥാനത്തെ ജനങ്ങൾ തള്ളിയത്. 20 ജില്ലയിൽ 13ലും പിഎജിഡിക്ക് അധികാരം ലഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജമ്മുവിലെ അഞ്ചു ജില്ലയിൽ മാത്രമാണ് ബിജെപിക്ക് സ്വന്തമായി ഭരണം ലഭിക്കുക. പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും കൗൺസിൽ അംഗങ്ങളെ കൂറുമാറ്റി ചില ജില്ലയിൽ ഭരണം നേടാനുള്ള ശ്രമമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. കശ്‌മീർ താഴ്‌വരയിൽ അധികാരം പിടിക്കാനായി ബിജെപി കെട്ടിയിറക്കിയ അൽതാഫ് ബുഖാരിയെന്ന ബിസിനസുകാരനാൽ നയിക്കപ്പെടുന്ന ജമ്മു കശ്‌മീർ അപ്‌നി പാർടിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. 12 സീറ്റ് മാത്രമാണ് നേടാനായത്.
2008 ജൂൺ മുതൽ കേന്ദ്രം നേരിട്ട് ഭരിക്കുകയാണ് ജമ്മു കശ്‌മീരിനെ. തദ്ദേശ സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും മുഖ്യ പ്രാദേശിക കക്ഷികളായ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർടിയും അവ ബഹിഷ്‌കരിച്ചു. മൊത്തമുള്ള സീറ്റിന്റെ മൂന്നിലൊന്നിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വാർഡിൽ ഒരാളുപോലും വോട്ട് ചെയ്യാൻ എത്തിയതുമില്ല. സ്വാഭാവികമായും ബിജെപിക്ക് സീറ്റുകൾ തൂത്തുവാരാനായി. സമാനമായ സ്ഥിതി പ്രതീക്ഷിച്ചാണ് ജില്ലാ വികസന കൗൺസിൽ ഉണ്ടാക്കി അതിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങളും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഏഴ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂറും കേന്ദ്ര മന്ത്രിമാരായ സ്‌മൃതി ഇറാനിയും മുക്‌താർ അബ്ബാസ് നഖ്‌വിയും ബിജെപി നേതാവ് ഷാനവാസ് ഹുസൈനും മറ്റും ജമ്മു കശ്‌മീരിൽ ക്യാമ്പ് ചെയ്‌ത് കരുക്കൾ നീക്കിയിട്ടും പ്രതീക്ഷിച്ച വിജയം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും കശ്‌മീരിൽ മൂന്ന് സീറ്റ് കിട്ടിയതും എടുത്തുകാട്ടി കശ്‌മീരിൽ വൻവിജയം നേടിയെന്ന പ്രതീതി സൃഷ്ടിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. എന്നാൽ, വസ്‌തുതകളുടെ സൂക്ഷ്‌മ പരിശോധന ഈ അവകാശവാദങ്ങളത്രയും പൊള്ളയാണെന്ന് വ്യക്തമാക്കും.
മൊത്തം 20 ജില്ലാ വികസന കൗൺസിലിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു മേഖലയിൽ 10ഉം കശ്‌മീർ താഴ്‌വരയിൽ 10ഉം ജില്ലയാണുള്ളത്. ഒരു ജില്ലയിൽ 14 സീറ്റാണുള്ളത്. മൊത്തം 280 സീറ്റ്. ഇതിൽ രണ്ട് സീറ്റൊഴികെ (പാക് അധിനിവേശ കശ്‌മീരിൽ താമസിക്കുന്നവരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു പേർ സ്ഥാനാർഥികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നിർത്തിവച്ചത്) ബാക്കിയെല്ലാ സീറ്റിലെയും ഫലം വന്നുകഴിഞ്ഞു. 75 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ജമ്മുവിൽനിന്ന് 72 സീറ്റും കശ്‌മീരിൽനിന്ന് മൂന്ന് സീറ്റും. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിൽനിന്ന് കൂടുതൽ സീറ്റ് ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും പകുതി സീറ്റ് മാത്രമാണ് നേടാനായത്. ജമ്മു മേഖലയിലെ ജമ്മു (14ൽ 11 സീറ്റ്), കത്‌വ (13), ഉധംപുർ (11), സാംബ (13) എന്നീ ജില്ലയിൽനിന്നാണ് ഭൂരിപക്ഷം സീറ്റും നേടാനായത്. അതായത് ഈ ജില്ലകളിൽ മൊത്തമുള്ള 56 സീറ്റിൽ 48 സീറ്റും ബിജെപി നേടി. ജമ്മു മേഖലയിലെ ബാക്കി ആറു ജില്ലയിൽ നിന്നായിട്ടാണ് 24 സീറ്റ് ലഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച പല മണ്ഡലത്തിലും ഇക്കുറി അവർക്ക് തോൽവിയുണ്ടായി. ഉദാഹരണത്തിന് ഇന്ത്യ–-പാക് അതിർത്തിയിലെ നവ്‌ഷേരയിൽ (രജൗരി ജില്ല) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രവീന്ദ്രർ റെയ്‌നയാണ്. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജയിച്ചതാകട്ടെ പിഡിപി സ്ഥാനാർഥിയായ മനോഹർസിങ്ങും–- 2904 വോട്ടിന്. ജമ്മുവിലെ സുചേത്‌ഗഢ് ബിജെപിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്. ബിജെപി നേതാവും മുൻമന്ത്രിയുമായ ശ്യാംലാൽ ചൗധരി ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽനിന്ന് ദയനീയമായി തോറ്റു. രണ്ടു തവണ ഇതേ അസംബ്ലി മണ്ഡലത്തിൽ നിന്നു ജയിച്ച നേതാവാണ് ചൗധരി.
ജമ്മുവിൽനിന്നുള്ള ബിജെപി എംപി ജുഗൽ കിഷോർ ശർമയുടെ നാടായ ഡൻസലിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥിയാണ് വിജയിച്ചത്. ചിനാബ് താഴ്‌വരയിലും പീർപാഞ്ചലിലുമാണ് ബിജെപിക്ക് അടിപതറിയത്. ചിനാബ് താഴ്‌വരയിൽ റംബാൻ, ദോഡ, കിത്‌സ്വർ ജില്ലയാണുള്ളത്. ഈ ജില്ലകൾ ഉൾക്കൊള്ളുന്ന ഉധംപുർ –-കത്‌വ ലോക്‌സഭാ മണ്ഡലത്തിൽനിന്നു ജയിച്ചത് പ്രധാനമന്ത്രി കാര്യാലയത്തിലെ സഹമന്ത്രിയായ ജിതേന്ദ്ര സിങ്ങാണ്. എന്നാൽ, ഈ മൂന്നു ജില്ലയിൽനിന്നുമായി മൊത്തമുള്ള 42 സീറ്റിൽ 14 സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതിൽ ദോഡയിൽനിന്നാണ് എട്ട് സീറ്റ് ലഭിച്ചത്. മറ്റു രണ്ടു ജില്ലയിൽനിന്ന് ആറ് സീറ്റും. രണ്ട് മുൻമന്ത്രിമാരുടെ ജില്ലയായ രജൗരിയിലും മൂന്ന് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
സ്ഥിരവാസ നിയമത്തിൽ വെള്ളം ചേർത്ത് പുറത്തുള്ളവർക്ക് സംസ്ഥാനത്ത് സ്വത്ത് സമ്പാദിക്കാനും തൊഴിൽ നേടാനും അവസരം നൽകിയ നടപടിയിൽ ഉയരുന്ന ജനകീയ പ്രതിഷേധമാണ് ബിജെപിയുടെ വിജയപ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിച്ചത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു മേഖലയിലെ 37 ൽ 25 സീറ്റും നേടിയ ബിജെപിക്ക് ആ കുതിപ്പ് ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽരണ്ട് സീറ്റും നേടാനായ ബിജെപിക്ക് കൗൺസിൽ തെരഞ്ഞെടുപ്പിൽ നേർപകുതി സീറ്റ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ബിജെപിയുടെ ഹിന്ദു വോട്ട് ബാങ്കിൽത്തന്നെ വിള്ളൽ വീണുവെന്നർഥം. സ്ഥിരവാസ നിയമത്തിൽ (ഡൊമിസൈൽ നിയമം) വെള്ളം ചേർത്ത് പുറത്തുള്ളവർക്ക് സംസ്ഥാനത്ത് സ്വത്ത് സമ്പാദിക്കാനും തൊഴിൽ നേടാനും അവസരം നൽകിയ നടപടിയിൽ ഉയരുന്ന ജനകീയ പ്രതിഷേധമാണ് ബിജെപിയുടെ വിജയപ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിച്ചത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ബിജെപിയുടെ അവകാശവാദത്തിലും വലിയ കഴമ്പില്ല. ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിച്ചത് ബിജെപിയാണ്. 280 സീറ്റിൽ ഭൂരിപക്ഷവും അവർ മത്സരിച്ചു. ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച നാഷണൽ കോൺഫറൻസ് പോലും 168 സീറ്റിൽ മാത്രമാണ് മത്സരിച്ചത്. ഗുപ്‌കാർ സഖ്യത്തിന്റെ ഭാഗമായിരുന്നു അവർ. എന്നിട്ടും 67 സീറ്റ് ലഭിച്ചു. മാത്രമല്ല, ബിജെപിയുടെ ശക്തികേന്ദ്രമായി അവർ തന്നെ അവകാശപ്പെടുന്ന ജമ്മു മേഖലയിൽനിന്ന് സഖ്യത്തിന് 35 സീറ്റ് ലഭിച്ചു. അതിൽ 25ഉം നേടിയത് നാഷണൽ കോൺഫറൻസാണ്. ഗുപ്‌കാർ സഖ്യത്തിന്റെ ഭാഗമായി 68 സീറ്റിൽ മാത്രം മത്സരിച്ച പിഡിപിക്ക് 26 സീറ്റ് ലഭിച്ചു. കൂടുതൽ സീറ്റിൽ മത്സരിച്ചതുകൊണ്ടുതന്നെ ബിജെപിക്കാണ് കൂടുതൽ വോട്ട് ലഭിച്ചത്. ബിജെപിക്ക് 24.6 ശതമാനം വോട്ട് ലഭിച്ചപ്പോൾ അവരേക്കാൾ 100 സീറ്റ് കുറച്ച് മത്സരിച്ച നാഷണൽ കോൺഫറൻസിന് 16.3 ശതമാനം ലഭിച്ചു. ഗുപ്‌കാർ സഖ്യത്തിന് ഏതാണ്ട് ബിജെപിയോടടുത്തു തന്നെ വോട്ട് ലഭിച്ചു–- 22.9 ശതമാനം. കശ്‌മീരിൽ മൂന്ന് സീറ്റ് നേടിയെന്നത് യാഥാർഥ്യമാണെങ്കിലും അതിൽ രണ്ടിടത്തും ഗുപ്‌കാർ സഖ്യത്തിന് സ്ഥാനാർഥികൾ ഇല്ലായിരുന്നു. മൂന്നാമതിടത്താകട്ടെ ഗുപ്‌കാർ സഖ്യത്തിലെ സഖ്യകക്ഷികളായ എൻസിയും പിഡിപിയും കൊമ്പുകോർക്കുകയും ചെയ്‌തു. കശ്‌മീരിൽ മുന്നേറാനാകാതെ കിതച്ചുനിൽക്കുന്ന ബിജെപിയെയാണ് കാണാനാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..