05 January Tuesday

കേരളത്തിന് അഭിമാന നിമിഷം: വെല്ലുവിളികളെ അതിജീവിച്ച് ഗെയില്‍ പദ്ധതി യാഥാര്‍ഥ്യമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021

തിരുവനന്തപുരം> കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ,  ഗവര്‍ണര്‍ വാജുഭായ് വാല, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു. സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗെയില്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി


രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ച് പൈപ്പുലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയപ്പോള്‍ തെളിയുന്നത്  എല്‍ഡിഎഫ് സര്‍ക്കാരിന്റെ  ഇഛാശക്തി. കേരളത്തിലൂടെ പോകുന്ന ബംഗളൂരു--കൊച്ചി 510 കിലോമീറ്റര്‍ പൈപ്പുലൈനില്‍ യുഡിഎഫ് പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍മാത്രം.  രണ്ടാംഘട്ടമായാണ് കൊച്ചി--മംഗലാപുരം ലൈന്‍ പൂര്‍ത്തിയാക്കിയത്. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്--വാളയാര്‍ ലൈനും (94 കിലോമീറ്റര്‍) കമീഷന്‍ ചെയ്തു.  സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കൊടുത്തത് വി എസ് സര്‍ക്കാരാണ്. ആദ്യഘട്ടം 2010ല്‍ തുടങ്ങി.

രണ്ടാംഘട്ടം യുഡിഎഫ് സര്‍ക്കാര്‍ 2012 ജനുവരിയില്‍ തുടങ്ങി. സ്ഥലമേറ്റെടുക്കല്‍തടസ്സംമൂലം 2013 നവംബറില്‍ പണി നിര്‍ത്തി. 2016ല്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു. ഗെയില്‍ പുതിയ കരാറിലൂടെ നിര്‍മാണം പുനരാരംഭിച്ചു. 2019 ജൂണില്‍ തൃശൂര്‍വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍വരെയും ഗ്യാസ് എത്തി.

വാഹനങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും നേട്ടം

വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭിക്കുന്നതോടെ ഇന്ധനച്ചെലവ്  20 ശതമാനം കുറയും. ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാസം 5000 രൂപവരെയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 3000 രൂപവരെയും ലാഭമുണ്ടാകും. 5000 കിലോ എല്‍പിജി ദിവസം ഉപയോഗിക്കുന്ന വ്യവസായശാലകള്‍ക്ക് 85,000 രൂപയുടെ ലാഭവുമുണ്ടാകും.

നികുതിവരുമാനം 700 കോടിയിലധികം

5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതിവരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം.  കൂറ്റനാട്ടുനിന്ന് കാസര്‍കോടുവഴി മംഗളൂരുവിലേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി തിരിയും. വീടുകളില്‍ പൈപ്പുവഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൂടുതല്‍ ഇടങ്ങളിലെത്തും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top