മതേതര കക്ഷിയെന്ന് കരുതിയിരുന്ന കോൺഗ്രസ് തീവ്രമതമൗലികവാദികളുമായി കൈകോർത്തപ്പോൾ ക്രൈസ്‌തവസമൂഹത്തിനുണ്ടായ അരക്ഷിതത്വബോധമാണ് യുഡിഎഫിന്റെ പരാജയത്തിനിടയാക്കിയതെന്ന് കത്തോലിക്കാസഭ. തദ്ദേശതെരഞ്ഞെടുപ്പിൽ അർഹിക്കുന്ന തിരിച്ചടിയാണ് യുഡിഎഫിന് ലഭിച്ചതെന്നും തൃശൂർ അതിരൂപത പ്രസിദ്ധീകരണമായ കത്തോലിക്കാസഭ പത്രം പറയുന്നു.
‘വിചാരം’ കോളത്തിലാണ് തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തൽ. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യമുയർത്തുന്ന രാഷ്‌ട്രീയസംഘടനയുമായി കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് കൈകോർത്തത് ക്രൈസ്‌തവരടക്കമുള്ള സമുദായങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്ന വിലയിരുത്തൽ ഒറ്റപ്പെട്ടതല്ല. യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്ന് മുഖ്യമന്ത്രി ഉയർത്തിയ സംശയത്തിലും കാര്യമുണ്ട്. മതതീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള രഹസ്യ നീക്കുപോക്കിന് യുഡിഎഫ് തയ്യാറായപ്പോൾ ഉള്ള വിശ്വാസ്യതയും ഇല്ലാതാക്കി. അവിശുദ്ധ നിലപാട് മൂലം കോൺഗ്രസിനൊപ്പമുണ്ടായിരുന്ന ജനവിഭാഗം അകന്നു. എക്കാലത്തും യുഡിഎഫിനെ പിന്തുണച്ച ക്രൈസ്തവ സമുദായങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.
ഒരു ഘടകകക്ഷിക്ക് കോൺഗ്രസ് സദാ വഴങ്ങിക്കൊടുക്കുന്ന നയംമൂലം, വിജയിപ്പിച്ചാലും ഭരിക്കുക കോൺഗ്രസ് ആയിരിക്കില്ലെന്ന സന്ദേഹം വളരുന്നു. ഈ കക്ഷിക്ക് പ്രധാന വകുപ്പ് നൽകുന്നു. മത സൗഹാർദത്തിന് വലിയ സംഭാവന നൽകിയ മുസ്ലിം ലീഗിനെ ചില തീവ്രവാദ ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്തു.
തമ്മിലടിയും ഗ്രൂപ്പ്പോരുംകൊണ്ട് സ്വയം ദുർബലമാക്കിയ കോൺഗ്രസ് പരാജയങ്ങളിൽനിന്ന് പാഠം പഠിക്കുന്നില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നു. പ്രാദേശികമായി വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് പകരം നേതാക്കൾ സീറ്റ് വിലയിട്ട് കൊടുക്കുന്ന വൻ പിഴ ആവർത്തിച്ചതായും ലേഖനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..