മനാമ > 49-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടി ചൊവ്വാഴ്ച ഉച്ചക്കുശേഷം വടക്കു പടിഞ്ഞാറന്‍ സൗദി നഗരമായ അല്‍ ഉലയില്‍ നടക്കും. മറയ കണ്‍സേര്‍ട്ട്് ഹാളിലാണ് ഉച്ചകോടി നടക്കുക.
ഉച്ചകോടിയില്‍ പങ്കെടുക്കാനായി കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജബീര്‍ അല്‍ സബ, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സെയ്ദ് എന്നിവര്‍ അല്‍ ഉലയിലെത്തി. ഇവരെ പ്രിന്‍സ് അബ്ദുല്‍മജീദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ സൗദി കിരീടവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്വീകരിച്ചു. ഖത്തര്‍ അമീര്‍ അല്‍താനി ഉച്ചകോടിക്ക് എത്തുന്നുണ്ട്.
ഉച്ചകോടിക്ക് മുന്നോടിയായി ഉണ്ടായ കരാര്‍ പ്രകാരം ഖത്തറുമായുള്ള കര, നാവിക അതിര്‍ത്തികളും എയര്‍ സട്രിപ്പും സൗദി തുറന്നു. ഖത്തറിനുമേലുള്ള നയതന്ത്ര ഉപരോധം പിന്‍വലിക്കുന്ന കരാര്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം നാല് രാജ്യങ്ങളും ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുമെന്നും പകരമായി ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്തുടരില്ലെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ 5 നാണ് ഖത്തറിന് നയതന്ത്ര, വ്യാപാര, യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയത്.
കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അടുത്തിടെ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് മൂന്നു വര്‍ഷം നീണ്ട പ്രതിസന്ധിക്ക് അയവുണ്ടാക്കിയത്. ഇക്കാര്യം കുവൈത്ത് വിദേശമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
വൈറ്റ് ഹൗസിലെ സിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്‌നര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി അവി ബെര്‍കോവിറ്റ്‌സ്, സ്‌പെഷ്യല്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപദേഷ്ടാവ് ബ്രയാന്‍ ഹുക്ക് എന്നിവരും എത്തും.
മേഖല നേരിടുന്ന വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങളെ ഒന്നിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..