വെൽഫെയർ പാർടിയുമായുള്ള സഖ്യത്തിലൂടെ കോൺഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്ടമായതും ലീഗിന് കീഴടങ്ങിയെന്ന ധാരണയുണ്ടാക്കിയതും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണമായെന്ന് സിറോ മലബാർ സഭയുടെ മുഖപത്രം സത്യദീപം വാരിക. ഇത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് എതിരാക്കിയെന്നും സത്യദീപം വാരികയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് ചുവടുമാറ്റുന്നതോടെ യുഡിഎഫിന്റെ രാഷ്‌ട്രീയ ദിശാഗതിക്കുമേൽ ലീഗ് ഗ്രഹണം പൂർണമാകും. എൽഡിഎഫ് മികച്ച വിജയം നേടുകയും യുഡിഎഫ് ദയനീയമായി തകരുകയും ബിജെപിയുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് തെളിയുകയും ചെയ്തതാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് ‘നാട്ടങ്കത്തിന്റെ നാനാർഥങ്ങൾ’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറഞ്ഞു.
സർക്കാർ ജനത്തിനൊപ്പം നിന്നു
കോവിഡ് പ്രതിരോധവും ഭക്ഷ്യകിറ്റും ക്ഷേമപെൻഷൻ വിതരണവും പതിവുവാർത്താസമ്മേളനവുമെല്ലാം, ഒപ്പം നിൽക്കുന്ന സർക്കാരാണിത് എന്ന ബോധ്യം ജനങ്ങളിലെത്തിച്ചു. എൽഡിഎഫിന്റെ മികച്ച വിജയത്തിന് ഇതെല്ലാം കാരണമായി. യുഡിഎഫാകട്ടെ തെരഞ്ഞെടുപ്പുയുദ്ധത്തിന്റെ കടിഞ്ഞാൺ ഒന്നുരണ്ടു മുഖ്യധാരാ മാധ്യമങ്ങൾക്ക് കൈമാറി പരസ്‌പരവിരുദ്ധ പ്രസ്‌താവനകൾ നടത്തി.
ഇഡി ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ അഞ്ചോളം ഏജൻസികൾ ആറുമാസത്തിലധികമായി അന്വേഷണത്തിന്റെ ചുറ്റിത്തിരിഞ്ഞതല്ലാതെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പ്രസക്തമാണ്. സ്വർണക്കടത്ത് അന്വേഷണത്തിന്റെപേരിൽ ഫെഡറലിസത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന എൽഡിഎഫ് പ്രചാരണം ഫലംകണ്ടതിന്റെ തെളിവുകൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുവിജയമെന്നും മുഖപ്രസംഗം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..