ടൂറിൻ
ഗോളടിയിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ചരിത്രമെഴുതുന്നു. ഗോൾ നേട്ടത്തിൽ പെലെയെയും പിന്നിലാക്കി ഈ പോർച്ചുഗീസുകാരൻ കുതിച്ചു. ആകെ ഗോളിൽ ഇനി ജോസഫ് ബിക്കാൻ മാത്രം മുന്നിൽ.
ക്ലബ്ബുകൾക്കും രാജ്യത്തിനുമായി 758 ഗോളാണ് റൊണാൾഡോയ്‌ക്ക്. ബ്രസീൽ ഇതിഹാസം പെലെയുടെ ഗോൾ ഔദ്യോഗിക കണക്കുകൾപ്രകാരം 757 ആണ്. ബിക്കാന് 759 ഗോൾ. രണ്ട് ഗോൾകൂടി നേടിയാൽ ബിക്കാനെയും മറികടന്ന് ഒന്നാമതെത്താം. നിലവിൽ കളിക്കുന്നവരിൽ ബാഴ്‌സലോണ ക്യാപ്‌റ്റൻ ലയണൽ മെസി മാത്രമാണ് റൊണാൾഡോയ്‌ക്ക് വെല്ലുവിളി. 742 ഗോളാണ് മെസിക്ക്. റൊണാൾഡോയെക്കാൾ 200 കളി കുറവാണ് മെസിക്ക്.
ഇറ്റാലിയൻ ലീഗിൽ ഉഡിനെസിനെതിരെ യുവന്റസിനായി ഇരട്ടഗോൾ നേടിയാണ് റൊണാൾഡോ റെക്കോഡ് കുറിച്ചത്. ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്‌തു. 4–-1നാണ് യുവന്റസിന്റെ ജയം.
സീസണിൽ 14 ഗോളായി റൊണാൾഡോയ്‌ക്ക്.ആകെ നേടിയ 758 ഗോളിൽ 656 എണ്ണം ക്ലബ്ബുകൾക്കുവേണ്ടിയാണ്. 102 എണ്ണം പോർച്ചുഗൽ ദേശീയ ടീമിനും. സ്‌പോർടിങ് ലിസ്‌ബണിലായിരുന്നു ഈ മുപ്പത്തഞ്ചുകാരന്റെ തുടക്കം. കൂടുതൽ ഗോളടിച്ചത് റയൽ മാഡ്രിഡിനുവേണ്ടി. 450 തവണയാണ് സ്‌പാനിഷ് വമ്പൻമാർക്കുവേണ്ടി വലകുലുക്കിയത്.
കൂടുതൽ ഗോളുകൾ
ജോസഫ് ബിക്കാൻ 759
ക്രിസ്‌റ്റ്യാനോ റൊണാൾഡോ 758
പെലെ 757
ലയണൽ മെസി 742
റൊമാരിയോ 734
യെർദ് മുള്ളർ 720
ഫെറെങ്ക് പുസ്‌കാസ് 706
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..