കോട്ടയം > തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പോരും തമ്മിലടിയും പരാജയശേഷമുള്ള അവലോകന യോഗത്തിലും. പരാജയം അവലോകനം ചെയ്യാൻ കഴിഞ്ഞദിവസം കോട്ടയം ഡിസിസിയിൽ ചേർന്ന യോഗത്തിനിടെ വാക്കേറ്റമുണ്ടായി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടന്ന യോഗത്തിലുണ്ടായ പൊട്ടിത്തെറികളുടെ തുടർച്ചയായാണ് കോൺഗ്രസിലെ കൂട്ടക്കുഴപ്പം.
ഈരാറ്റുപേട്ട ബ്ലോക്കിലെ വിഷയം ചർച്ച ചെയ്യന്നതിനിടെയാണ് നേതാക്കൾ ചേരിതിരിഞ്ഞ് വാക്കേറ്റത്തിൽ ഏർപ്പെട്ടത്. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ് സംസാരിക്കുന്നതിനിടെ ആനന്ദ് പഞ്ഞിക്കാരൻ ബഹളം വയ്‌ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ ഇരാറ്റുപേട്ടയിൽവച്ച് ജോസഫ് വാഴയ്‌ക്കനെ തടഞ്ഞിരുന്നു. ഇതിന് കാരണക്കാരൻ ഇല്യാസാണെന്ന് പറഞ്ഞാണ് ബഹളം കൂട്ടിയത്. ഇതിനെ ചെറുക്കാൻ ഒരുവിഭാഗം രംഗത്തെത്തി. പിന്നീട് കുഞ്ഞ് ഇല്ലമ്പളളിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ബഹളം കൂട്ടിയ ഇരുവിഭാഗത്തിനുമെതിരെ തിരിഞ്ഞപ്പോൾ യോഗം പെട്ടെന്ന് അവസനിപ്പിച്ചു.
ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന അകലക്കുന്നം പഞ്ചായത്തിലെ അവലോകന യോഗവും കയ്യാങ്കളിയിലെത്തി. മണ്ഡലം പ്രസിഡന്റ് രാജുവിനെതിരെ ഒരുവിഭാഗം സദസിൽനിന്നും ബഹളംവച്ചു. ഉമ്മൻചാണ്ടിയുടെ വിലക്കുകളെ അവഗണിച്ചും ഒരുവിഭാഗം യോഗം അലങ്കോലമാക്കി.
ഡിസിസി പ്രസിഡന്റിനെതിരെ പ്രതിഷേധം
ജില്ലയിലെ രാഷ്ട്രീയ സമവാക്യം തെറ്റിച്ചതും മറ്റ് നിക്ഷിപ്‌ത താൽപര്യങ്ങളും പരാജയ കാരണമായെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉത്തരവാദിയാണെന്നും ഒരുവിഭാഗം ആരോപിച്ചു. പഞ്ചായത്തുകളിൽ മത്സരിച്ചവർക്ക് 5000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ നൽകിയില്ല. 39 ലക്ഷം രൂപ ഉമ്മൻ ചാണ്ടിയുടെ നിയമസഭംഗത്വ സുവർണ ജൂബിലിക്കായി ചെലവഴിച്ചെന്ന് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ മറുപടി ഒരുവിഭാഗം മുഖവിലക്കെടുത്തില്ല. അഴിമതി ഉണ്ടെന്നാണ് പരാതി. ഹൈക്കമാൻഡിന്റെ കണ്ടെത്തലിൽ സംസ്ഥാനത്തെ മോശം ഡിസിസികളിലൊന്നായി കോട്ടയത്തെ ഹൈക്കമാൻഡ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രസിഡന്റിനെ ഉമ്മൻചാണ്ടി സംരക്ഷിക്കുന്നുവെന്നും ചില നേതാക്കൾ പറയുന്നു.
അധികാരം പിടിക്കണം
തമ്മിലടിയും കിടമത്സരങ്ങളും ഉപേക്ഷിച്ച് എങ്ങനെയും അധികാരം പിടിക്കണമെന്ന് യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾ. പരമ്പരാഗത വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിലെ തിരിച്ചടി മനസ്സിലാക്കി പ്രവർത്തിക്കണമെന്ന് നേതാക്കൾ പറഞ്ഞു. എരുമേലി സീറ്റ് കോൺഗ്രസ് തന്നെ നഷ്ടപ്പെടുത്തിയതാണെന്ന് ലീഗ് യോഗത്തിൽ തുറന്നടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..